ചെന്നൈ: ഗവർണർമാർക്കെതിരെ വിമർശനവുമായി മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. പ്രതിപക്ഷകക്ഷികൾ നേതൃത്വം നൽകുന്ന സർക്കാരുകൾക്കെതിരെ ഗവർണമാർ ജനാധിപത്യവിരുദ്ധമായ നിലപാട് എടുക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലും തമിഴ്‌നാട്ടിലും സമാന സാഹചര്യമാണുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഗവർണർമാരുടെ സമീപനം ഫെഡറൽ തത്വങ്ങൾക്ക് വിരുദ്ധമാണ്. ദേശീയ തലത്തിൽ തന്നെ മുസ്ലിം ലീഗിന്റെ നിലപാട് ഗവർണർമാരുടെ ഈ നിലപാടിന് എതിരായാണ്. കേരളത്തിലെ കാര്യവും വ്യത്യസ്ഥമല്ല. തമിഴ്‌നാട്ടിൽ ഗവർണർക്കെതിരായ പ്രതിപക്ഷ സമരത്തിന് ലീഗും ഉണ്ടാകുമെന്നും കുഞ്ഞാലിക്കുട്ടി ഉറപ്പു നൽകി.
അതേസമയം, തമിഴ്‌നാട്ടിൽ ഗവർണറും സർക്കാരും തമ്മിലുള്ള പോര് കനക്കുകയാണ്. ‘ഗെറ്റ് ഔട്ട് രവി’ എന്നെഴുതിയ പോസ്റ്ററുകൾ ചെന്നൈ നഗരത്തിൽ ഡിഎംകെ പ്രവർത്തകർ പതിച്ചു. #getoutravi ഹാഷ്ടാഗ് ട്വിറ്റർ ഉൾപ്പെടെയുള്ള സാമൂഹ്യ മാദ്ധ്യമങ്ങളിലും പ്രചരിപ്പിക്കുന്നുണ്ട്. ഗവർണർ ആർ എൻ രവി കഴിഞ്ഞ ദിവസം തമിഴ്‌നാട് നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയിരുന്നു. നയപ്രഖ്യാപന പ്രസംഗത്തിനിടെയാണ് അസാധാരണ സംഭവങ്ങൾ അരങ്ങേറിയത്. പ്രസംഗം പൂർണമായി വായിക്കാത്തതിനെതിരെ സർക്കാർ ഗവർണർക്കെതിരെ പ്രമേയം പാസാക്കിയപ്പോഴായിരുന്നു ഗവർണർ നടപടി സ്വീകരിച്ചത്.

