തിരുവനന്തപുരം: കായിക മന്ത്രി വി അബ്ദുറഹിമാനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. കായിക മന്ത്രിയുടെ പട്ടിണി പ്രയോഗം ബ്രിട്ടീഷ് അധിനിവേശകാലത്തെ ഓർമ്മപ്പെടുത്തുന്നതാണെന്ന് അദ്ദേഹം വിമർശിച്ചു. കായിക വിനോദങ്ങൾ കാശുള്ളവർ മാത്രം ആസ്വദിച്ചാൽ മതിയെന്നുള്ള മന്ത്രിയുടെ മനോഭാവം സമ്പന്നരുടെ താൽപ്പര്യം സംരക്ഷിക്കലാണ്. നവ ചങ്ങാത്ത മുതലാളിത്തത്തിന്റെ അപ്പോസ്തലന്മാരായ കമ്യൂണിസ്റ്റുകാർ പൗരന്മാരെ കാശിന്റെ അടിസ്ഥാനത്തിൽ വേർതിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വോട്ടിന് വേണ്ടിയുള്ള ഉപാധിയായാണ് പട്ടിണി പാവങ്ങളേയും തൊഴിലാളികളേയും പിന്നാക്ക വിഭാഗങ്ങളേയും കമ്യൂണിസ്റ്റുകാർ കാണുന്നത്. എൽഡിഎഫ് സർക്കാരിനും സിപിഐഎമ്മിനും തൊഴിലാളികളെയും പട്ടിണി പാവങ്ങളെയും പരമ പുച്ഛമാണ്. അധികാരം കിട്ടിയത് മുതൽ ഫ്യൂഡൽ മാടമ്പിമാരുടെ പ്രവർത്തന ശൈലിയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും കാഴ്ചവെയ്ക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
മുതലാളിത്വത്തിന്റെ ആരാധകരായ സിപിഐഎം നയിക്കുന്ന മുന്നണിയുടെ ഭാഗമായ ഒരു മന്ത്രി പട്ടിണിക്കാരെ തള്ളിപ്പറയുന്നതിൽ അത്ഭുതപ്പെടാനില്ല. സ്വർണ്ണക്കടത്ത്, ക്വാറി, ഭൂമാഫിയ എന്നിവരുടെ പണം കൊണ്ട് ആഡംബര ജീവിതം നയിക്കുന്ന മന്ത്രിമാർക്കും നേതാക്കൾക്കും സാധാരണക്കാരന്റെയും പട്ടിണി പാവങ്ങളുടെയും ആശയും അഭിലാഷവും കാണാനുള്ള മനസ്സും വിവേകവുമില്ലെന്നും അദ്ദേഹം വിമർശിച്ചു.
ഇന്ത്യ ശ്രീലങ്ക ഏകദിന മത്സരത്തിലെ ടിക്കറ്റ് നിരക്ക് വർധനയെ ന്യായീകരിക്കാൻ വിചിത്ര വാദം ഉയർത്തിയ മന്ത്രിയെ തിരുത്താൻ മുഖ്യമന്ത്രിക്കും സിപിഐഎമ്മിനും താൽപ്പര്യം കാണില്ല. അതിസമ്പന്നരുടെ ഉറ്റതോഴനായ മുഖ്യമന്ത്രി സർവ്വപ്രതാപിയായി വിഹരിക്കുമ്പോൾ അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ അംഗത്തിന് വികൃതമായ ഇത്തരം ചിന്താഗതികൾ ഉണ്ടായതിൽ അതിശയോക്തിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

