ആദ്യ കൺമണി പിറക്കാനുള്ള കാത്തിരിപ്പിൽ ഇന്ത്യൻ സ്വവർഗ ദമ്പതികൾ

ആദ്യ കൺമണി പിറക്കാനുള്ള കാത്തിരിപ്പിൽ ഇന്ത്യൻ സ്വവർഗ ദമ്പതികൾ. തെലുഗ് കുടുംബത്തിൽ പിറന്ന് ന്യൂഡൽഹിയിൽ താമസിച്ചിരുന്ന ആദിത്യ മദിരാജുവും അമേരിക്കയിൽ താമസിക്കുന്ന ഗുജറാത്തി കുടുംബത്തിൽ നിന്നുള്ള അമിത് ഷായുമാണ് ആദ്യ കൺമണിയെ വരവേൽക്കാനൊരുങ്ങുന്നത്.

2010 ന്യൂജഴ്സിയിൽ വെച്ചാണ് ഇരുവരും വിവാഹിതരായത്. തങ്ങളുടെ ജീവിതത്തിലെ എല്ലാ വിശേഷങ്ങളും ഇരുവരും സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. ഇതിന്റെ ഭാഗമായാണ് ഈ സന്തോഷ വാർത്തയും ഇരുവരും തങ്ങളുടെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചത്. മറ്റെല്ലാ ദമ്പതികളെയും പോലെ തങ്ങളും കുഞ്ഞിനു വേണ്ടി കാത്തിരിക്കുകയാണെന്ന് ഇവർ വ്യക്തമാക്കി. സ്വവർഗ രക്ഷിതാക്കൾ എന്ന നിലയിലല്ല, മറ്റേതൊരു ദമ്പതികളെയും പോലെ സാധാരണ രക്ഷിതാക്കളായിരിക്കും തങ്ങളെന്നും ഇവർ പറയുന്നു.

എല്ലാ ദമ്പതികളെയും പോലെ കുഞ്ഞുണ്ടാവുക എന്ന വലിയ ആഗ്രഹം തങ്ങൾക്കുമുണ്ടായിരുന്നു. ഇതിനുള്ള മാർഗങ്ങൾ അന്വേഷിക്കുകയായിരുന്നുവെന്ന് ഇരുവരും വെളിപ്പെടുത്തി. സ്വവർഗ ദമ്പതികൾ ആയതിനാൽ, ഇത് അത്ര എളുപ്പമായിരുന്നില്ല. തുടർന്നാണ് അണ്ഡദാതാവായ സ്ത്രീയെ കണ്ടെത്തിയത്. നാലു വട്ടം ഐവിഎഫ് ചികിത്സ നടത്തി. തുടർന്നാണ്, ഗർഭപാത്രം വാടകയ്ക്കെടുത്ത് ഇവർ കുഞ്ഞിനു വേണ്ടിയുള്ള കാത്തിരിപ്പാരംഭിച്ചത്. ആദ്യത്തെ കൺമണി മെയ് മാസത്തോടെ തങ്ങളെ തേടിയെത്തുമെന്നാണ് ഡോക്ടർമാർ അറിയിച്ചതെന്നും ഇവർ വ്യക്തമാക്കി.