കോട്ടയം: ജനുവരി 15 വരെ കെ ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സ് അടച്ചിടാൻ ഉത്തരവ്. കോട്ടയം ജില്ലാ കളക്ടർ ഡോ പി കെ ജയശ്രീയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് ഉത്തരവ് ബാധകമല്ലെന്ന് അധികൃതർ വ്യക്തമാക്കി.
നേരത്തെ വിദ്യാർത്ഥി പ്രക്ഷോഭം ശക്തമായ സാഹചര്യത്തിൽ ഇൻസ്റ്റിറ്റ്യൂട്ട് രണ്ടാഴ്ചത്തേക്ക് അടച്ചിടാൻ അധികൃതർ നിർദ്ദേശം നൽകിയിരുന്നു. ജാതി വിവേചനം, പ്രവേശനത്തിൽ സംവരണ അട്ടിമറി, വിദ്യാർത്ഥികൾക്ക് സൗകര്യങ്ങൾ നിഷേധിക്കൽ തുടങ്ങിയ ആരോപണങ്ങളെ തുടർന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് വിദ്യാർത്ഥികൾ സമരം നടത്തിയത്.
ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ശങ്കർ മോഹൻ, താത്കാലിക തൊഴിലാളികളെ കൊണ്ട് അദ്ദേഹത്തിന്റെ വീട്ടു ജോലി നിർബന്ധിച്ച് ചെയ്യിച്ചു എന്ന വെളിപ്പെടുത്തൽ പുറത്തു വന്നതിന് പിന്നാലെയാണ് വിദ്യാർത്ഥികൾ സമരം ആരംഭിച്ചത്. ഇൻസ്റ്റിറ്റ്യൂട്ടിലെ ജോലിക്കാരെ ഉപയോഗിച്ച് വീട്ട് ജോലി ചെയ്യിച്ച ഡയറക്ടർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടായിരുന്നു വിദ്യാർത്ഥികൾ പ്രതിഷേധം നടത്തിയത്.
ഇൻസ്റ്റിറ്റ്യൂട്ടിലെ ജോലിക്ക് ശേഷം വീട്ട് ജോലിക്കെത്തിയില്ലെങ്കിൽ പിരിച്ചുവിടുമെന്ന് സ്വീപ്പർമാരെ ഭീഷണിപ്പെടുത്തിയതായി പരാതി ഉയർന്നിരുന്നു. അതേസമയം, കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറുടെ ജാതവിവേചനത്തിനെതിരെ വിദ്യാർത്ഥികൾ നടത്തിയ സമരം കേരള രാജ്യാന്തര ചലച്ചിത്ര മേളയിലേക്കും വ്യാപിച്ചിരുന്നു. ചലച്ചിത്രമേളയുടെ പ്രധാനവേദിയായ ടാഗോറിലായിരുന്നു വിദ്യാർത്ഥികളുടെ പ്രതിഷേധം.

