കോഴിക്കോട്: സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ മത്സരങ്ങൾ മികച്ച നിലവാരം പുലർത്തിയെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കോഴിക്കോട് നടന്ന അറുപത്തിയൊന്നാമത് സംസ്ഥാന സ്‌കൂൾ കലോത്സവം കൂട്ടായ്മയുടെ വിജയമാണെന്നും അദ്ദേഹം പറഞ്ഞു. വിധി നിർണയത്തിൽ അടക്കം ഒരു പരാതിയും ലഭിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
കലോത്സവ മാന്വൽ കാലത്തിന് അനുസരിച്ച് പരിഷ്‌കരിക്കും. കുട്ടികൾക്ക് കലാജീവിതം തുടരാൻ സഹായം ഒരുക്കും. അടുത്തവർഷം നോൺ വെജ് ഭക്ഷണവും കലോത്സവത്തിൽ ഉൾപ്പെടുത്തും. വെജിറ്റേറിയൻ ഇഷ്ടമുള്ളവർക്ക് വെജിറ്റേറിയനും നോൺ വെജിറ്റേറിയൻ ഇഷ്ടമുള്ളവർക്ക് നോൺ വെജിറ്റേറിയനും കഴിക്കാം. ഉദ്യോഗസ്ഥർ പറയുമ്പോൾ അടുത്ത കലോത്സവം തീരുമാനിക്കുകയില്ല. ചർച്ച ചെയ്ത് യോജിച്ച സ്ഥലം തെരഞ്ഞെടുക്കും. കലോത്സവ മാനുവൽ പുതുക്കുന്നതോടൊപ്പം ജഡ്ജസിനെ തിരഞ്ഞെടുക്കുന്നതിനും കൂടുതൽ പരിഷ്‌കരണങ്ങൾ കൊണ്ടുവരേണ്ടതുണ്ട്. കലോത്സവങ്ങളെ കൂടുതൽ ജനകീയമാക്കാനുള്ള പ്രവർത്തനങ്ങളും നടത്തണമെന്ന് അദ്ദേഹം വ്യക്തമാക്കി.
കാണികളുടെ എണ്ണക്കൂടുതൽ മാത്രം ലക്ഷ്യംവച്ച് ആകരുത് ആ ജനകീയവൽക്കരണം എന്നതാണ് എനിക്ക് പറയാനുള്ളത്. അടിസ്ഥാന തലംതൊട്ട് പ്രതിഭകളെ കണ്ടെത്തി അവരെ വളർത്തിയെടുക്കാനുള്ള സംവിധാനം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

