വൈസ് ചാൻസലറുടെ അറിവോ സമ്മതമോ ഇല്ലാതെ ജീവനക്കാരെ നിയമിക്കൽ; വിജ്ഞാപനം മരവിപ്പിച്ച് ഗവർണർ

തിരുവനന്തപുരം: സാങ്കേതിക സർവ്വകലാശാലയിൽ താത്ക്കാലിക ജീവനക്കാരുടെ നിയമനത്തിനായി അപേക്ഷ ക്ഷണിച്ച് രജിസ്ട്രാർ ഇറക്കിയ വിജ്ഞാപനം മരവിപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വൈസ് ചാൻസലറുടെ അറിവോ സമ്മതമോ കൂടാതെ ഇറക്കിയ വിജ്ഞാപനമാണ് അദ്ദേഹം മരവിപ്പിച്ചത്. നിയമനം തടയണമെന്നാവശ്യപ്പെട്ടുള്ള പരാതികൾ ലഭിച്ചിരുന്നു. ഈ സാഹചര്യം കണക്കിലെടുത്ത് കൂടിയാണ് ഗവർണറുടെ ഇടപെടൽ.

താത്ക്കാലിക നിയമനങ്ങൾ സർക്കാർ പുറപ്പെടുവിച്ചിട്ടുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ പാലിച്ച് മാത്രമേ നടത്താവൂവെന്ന് ഗവർണർ വ്യക്തമാക്കി. രജിസ്ട്രാർ കൃത്യവിലോപം കാണിച്ചിട്ടുണ്ടെങ്കിൽ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം കെടിയു വൈസ് ചാൻസലർക്ക് നിർദ്ദേശം നൽകി.

തന്റെ അറിവോ സമ്മതമോ കൂടാതെയാണ് കെടിയുവിലെ താൽക്കാലിക നിയമനങ്ങളുടെ വിജ്ഞാപനം പുറത്തിറക്കിയതെന്ന് നേരത്തെ വൈസ് ചാൻസലർ ഡോ സിസ തോമസ് ഗവർണർക്ക് റിപ്പോർട്ട് നൽകിയിരുന്നു. സ്ഥിരം നിയമനം നടത്തുന്നതു വരെ സർവകലാശാലയിലെ ജോലികൾ തുടരുന്നതിനു താൽക്കാലികക്കാർ വേണമെന്നും ജീവനക്കാരെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയോ പിഎസ്‌സി റാങ്ക് പട്ടികയിൽ നിന്നോ നിയമിക്കാവുന്നതാണെന്നും വിസി അറിയിച്ചിരുന്നു.