ഫാസിസ്റ്റ് ശക്തികളെ മുജാഹിദ് സമ്മേളനം ഔദ്യോഗികമായി സ്വീകരിച്ചുവെന്ന് സമസ്ത

കോഴിക്കോട്: ഫാസിസ്റ്റ് ശക്തികളെ മുജാഹിദ് സമ്മേളനം ഔദ്യോഗികമായി സ്വീകരിച്ചുവെന്നും മുജാഹിദ് വിഭാഗം മതേതര വിരുദ്ധ കക്ഷികളുടെ ചട്ടുകമായി മാറിയെന്നും സമസ്ത. ‘ഫാസിസ്റ്റ് അജണ്ടകള്‍ക്ക് മുജാഹിദ് സമ്മേളനം ന്യായീകരണം നല്‍കി. സമസ്ത ആശയങ്ങള്‍ ഉള്ളവര്‍ ഇത്തരം പരിപാടികളില്‍ പങ്കെടുക്കരുത്. തങ്ങള്‍മാരെ ക്ഷണിക്കാന്‍ മുജാഹിദ് വിഭാഗത്തിന് ധാര്‍മ്മിക അവകാശമില്ല. ആശയ വ്യതിയാനമുള്ള മുജാഹിദ്, ജമാ അത്തെ ഇസ്ലാമി എന്നിവരുടെ പരിപാടികളില്‍ സമസ്ത ആശയങ്ങള്‍ ഉള്ളവര്‍ പങ്കെടുക്കരുതെന്നും’-സമസ്ത ചൂണ്ടിക്കാട്ടി.

അതേസമയം, മുജാഹിദ് സമ്മേളനത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് പാണക്കാട് തങ്ങള്‍മാരെ വിലക്കിയിട്ടില്ലെന്നും സമസ്ത അറിയിച്ചു. സമസ്ത ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്നവര്‍ വിരുദ്ധ ആശയക്കാരുടെ സമ്മേളനത്തില്‍ പങ്കെടുക്കരുതെന്ന് നേരത്തെ തന്നെ നിര്‍ദ്ദേശമുണ്ടെന്ന് സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കം വിശദീകരിച്ചു. അതിനാല്‍, മുജാഹിദ് , ജമാ അത്തെ ഇസ്ലാമി തുടങ്ങിയ സംഘടനകളുടെ പരിപാടികളില്‍ സമസ്തക്കാര്‍ പങ്കെടുക്കാറില്ല. സമ്മേളനത്തിലേക്ക് പാണക്കാട് കുടുംബാംഗങ്ങളെ ക്ഷണിച്ചത് മുജാഹിദുകളുടെ പാപ്പരത്തത്തിന് തെളിവാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സമസ്ത ആദര്‍ശ സമ്മേളനം സംഘാടക സമിതി ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമുലുലൈലി, സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കം, നാസര്‍ ഫൈസി കൂടത്തായി, എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.