സമാധാനത്തിന്റെയും വികസനത്തിന്റെയും പ്രതീകമാണ് ബുൾഡോസറുകൾ; യോഗി ആദിത്യനാഥ്

മുംബൈ: ക്രമസമാധാന പാലനത്തിനായാണ് ബുൾഡോസറുകൾ ഉപയോഗിക്കുന്നതെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സമാധാനത്തിന്റെയും വികസനത്തിന്റെയും പ്രതീകം എന്നാണ് ബുൾഡോസറുകളെ അദ്ദേഹം വിശേഷിപ്പിക്കുന്നത്. നിയമലംഘകർക്കെതിരെ പ്രയോഗിക്കാവുന്നതിനാൽ ക്രമസമാധാനപാലനത്തിലും ബുൾഡോസറുകൾക്ക് പങ്കുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

അടിസ്ഥാന സൗകര്യങ്ങൾക്കും വികസനത്തിനുമാണ് ബുൾഡോസറുകൾ ഉപയോഗിക്കുന്നത്. അതിനോടൊപ്പം തന്നെ നിയമലംഘനമുണ്ടായാൽ ക്രമസമാധാന പാലനത്തിനും ഉപയോഗിക്കാം. അപ്പോൾ സമാധാനത്തിന്റെയും വളർച്ചയുടെയും പ്രതീകമായി മാറുമെന്ന് അദ്ദേഹം പറഞ്ഞു. അടുത്ത മാസം ലക്‌നൗവിൽ നടക്കാനിരിക്കുന്ന ആഗോള നിക്ഷേപ ഉച്ചകോടിയ്ക്ക് മുന്നോടിയായി ആഭ്യന്തര നിക്ഷേപകരെ ആകർഷിക്കാനായി മുംബൈയിൽ എത്തിയപ്പോൾ മാദ്ധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ബുൾഡോസർ നടപടിയെക്കുറിച്ച് മാദ്ധ്യമപ്രവത്തകർ ഉയർത്തിയ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. ഉത്തർപ്രദേശ് ജനത തങ്ങളുടെ വ്യക്തിത്വത്തിൽ അഭിമാനിക്കുന്നുണ്ടെന്നും യോഗി ആദിത്യനാഥ് കൂട്ടിച്ചേർത്തു.

അതേസമയം, യോഗി സർക്കാരിന്റെ ബുൾഡോസർ നടപടിക്കെതിരെ പ്രതിപക്ഷം വലിയ വിമർശനമാണ് ഉയർത്തുന്നത്. ന്യൂനപക്ഷങ്ങൾക്കെതിരെയും സാധാരണക്കാരെ നിലയ്ക്ക് നിർത്താനും പ്രയോഗിക്കുന്ന അക്രമോപാധിയാണ് ബുൾഡോസർ നടപടി എന്നാണ് പ്രതിപക്ഷത്തിന്റെ വിമർശനം.