ശ്രീനഗർ: ജമ്മു കശ്മീരിലെ രജൗരി ജില്ലയിൽ കൂടുതൽ സൈനികരെ വിന്യസിക്കും. രജൗരി ജില്ലയിൽ അടുത്തിടെ ഹിന്ദു കുടുംബങ്ങൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെയാണ് പ്രദേശത്ത് കൂടുതൽ സൈന്യത്തെ വിന്യസിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്. രജൗരിയിൽ സിആർപിഎഫിന്റെ 18 കമ്പനി (ഏകദേശം 1,800 ഉദ്യോഗസ്ഥരെ) വിന്യസിക്കുകയാണെന്നാണ് സൈനിക വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
ജില്ലയിൽ ഹിന്ദു കുടുംബങ്ങൾക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നിലെ ഭീകരരെ കണ്ടെത്തുന്നതിനായുള്ള തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. ഞായറാഴ്ച വൈകുന്നേമുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ സൈന്യവും പൊലീസും സിആർപിഎഫും സംയുക്ത ഓപ്പറേഷൻ ആരംഭിച്ചിരുന്നു. ഞായറാഴ്ച വൈകുന്നേരവും തിങ്കളാഴ്ച രാവിലെയും അപ്പർ ഡാംഗ്രി ഗ്രാമത്തിൽ നടന്ന ഭീകരാക്രമണത്തിൽ ആറ് പേരാണ് കൊല്ലപ്പെട്ടത്. നിരവധി പേർക്ക് ആക്രമണത്തിൽ പരിക്കേൽക്കുകയും ചെയ്തു.
രജൗരിയിൽ രണ്ടാഴ്ചയ്ക്കിടെ മൂന്ന് അതിക്രമങ്ങളാണ് ജനങ്ങൾക്ക് നേരെ നടന്നത്. ഡിസംബർ 16ന് സൈനിക ക്യാമ്പിന് പുറത്ത് രണ്ട് പേർ കൊല്ലപ്പെട്ടിരുന്നു. ഭീകരരെ ഉടൻ കണ്ടെത്തുന്നതിനായി ജമ്മു കശ്മീർ ഭരണകൂടത്തിന് കേന്ദ്രം നോട്ടീസ് നൽകിയിട്ടുണ്ടെന്നാണ് പുറത്തു വരുന്ന വിവരം. ഭീകരരെ പിടികൂടുന്നതിനായി നിരീക്ഷണം ശക്തമാക്കിയതായും സൈനിക വൃത്തങ്ങൾ അറിയിച്ചു.

