കൊൽക്കത്ത: പശ്ചിമ ബംഗാൾ ഗവർണറും മലയാളിയുമായ സി വി ആനന്ദ ബോസിന്റെ സുരക്ഷ വർദ്ധിപ്പിച്ച് കേന്ദ്ര സർക്കാർ. ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അദ്ദേഹത്തിന് ഏർപ്പെടുത്തിയത്. ഭീഷണിയുണ്ടെന്ന രഹസ്യാന്വേഷണ ഏജൻസികളുടെ വിലയിരുത്തലിന്റെ പശ്ചാത്തലത്തിലാണ് നടപടി. സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സ് (സിആർപിഎഫ്) രാജ്യത്തുടനീളം അദ്ദേഹത്തിന് സുരക്ഷയൊരുക്കും.
രാജ്യത്തിന്റെ ഏത് ഭാഗത്തേക്ക് യാത്രചെയ്യുമ്പോഴും ആനന്ദബോസിന് 25 മുതൽ 30 വരെ സിആർപിഎഫ് സായുധ സേനാംഗങ്ങളുടെ അകമ്പടിയുണ്ടാകും. 2022 നവംബറിലാണ് ആനന്ദ ബോസ് ബംഗാൾ ഗവർണറായി നിയമിതനായത്.
2010 മുതൽ 2014വരെ ബംഗാൾ ഗവർണറായിരുന്ന എം.കെ നാരായണനു ശേഷം ഈ പദവിയിലെത്തുന്ന മലയാളിയാണ് ആനന്ദബോസ്. ബംഗാൾ ഗവർണറായിരുന്ന ജഗ്ദീപ് ധൻകർ ഉപരാഷ്ട്രപതി ആയ ഒഴിവിലാണ് സി.വി ആനന്ദബോസ് നിയമിതനായത്. ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന സി വി ആനന്ദബോസ് 2019 ലാണ് ബിജെപിയിൽ ചേർന്നത്.

