ന്യൂഡൽഹി: ഡൽഹിയിൽ അതിശൈത്യം. സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയാണ് ഇന്ന് രേഖപ്പെടുത്തിയത്. 4.4 ഡിഗ്രിയാണ് ഇന്ന് രേഖപ്പെടുത്തിയ താപനില. ഡൽഹിയിലെ പ്രധാന കാലാവസ്ഥ നിരീക്ഷണ കേന്ദ്രമായ സഫ്ദർജങ്ങിലാണ് 4.4 താപനില രേഖപ്പെടുത്തിയത്. ശനിയാഴ്ച വരെ ഡൽഹിയിൽ അതിശൈത്യം തുടരുമെന്നാണ് കേന്ദ്രകാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുള്ളത്. വരുന്ന ദിവസങ്ങളിൽ താപനില മൂന്ന് ഡിഗ്രി വരെയായി താഴാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു.
കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് ഡൽഹിയിൽ ഗതാഗതവും പ്രതിസന്ധിയിലായിരിക്കുകയാണ്. രാവിലെയുള്ള റോഡ്- റെയിൽ- വ്യോമ ഗതാഗതത്തെ മൂടൽമഞ്ഞ് ബാധിച്ചിരുന്നു. ഡൽഹിയിലേക്കുള്ള പല ട്രെയിനുകളും മണിക്കൂറുകൾ വൈകിയാണ് ഓടുന്നത്. നഗരത്തിലെ പ്രധാന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമായ സഫ്ദർജങ്ങിൽ കുറഞ്ഞ താപനില 8.5 ഡിഗ്രിയും കൂടിയ താപനില 17 ഡിഗ്രിയുമാണു രേഖപ്പെടുത്തിയത്.
അഞ്ചു ദിവസത്തോളം ശക്തമായ മൂടൽമഞ്ഞ് തുടരുമെന്നാണ് കാലാവസ്ഥാ വിദഗ്ധർ പ്രവചിക്കുന്നത്. അടുത്ത 3 ദിവസങ്ങളിലും അതിശൈത്യ തരംഗം തുടരും. നഗരത്തിലെ വായുനില വളരെ മോശം അവസ്ഥയിലാണ്. ഡൽഹിയിൽ കഴിഞ്ഞ ദിവസം വായുനിലവാര സൂചിക(എക്യുഐ) 384 എന്ന നിലയാണ് രേഖപ്പെടുത്തിയത്. പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ഉത്തർപ്രദേശ്, ബിഹാർ എന്നി സംസ്ഥാനങ്ങളിലും അതിശൈത്യമാണ് അനുഭവപ്പെടുന്നത്. രാജസ്ഥാനിലെ ഫത്തെഹ്പൂരിൽ മൈനസ് ഒന്നാണ് താപനില. ജാർഖണ്ഡിൽ ഒന്നു മുതൽ അഞ്ചുവരെ ക്ലാസിലെ വിദ്യാർഥികൾക്ക് ഈയാഴ്ച അവധി നൽകി.

