തിരുവനന്തപുരം: ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ തന്നെ 15-ാം കേരള നിയമസഭയുടെ എട്ടാം സമ്മേളനം ആരംഭിക്കും. മന്ത്രിസഭയിലേക്ക് തിരിച്ചെത്തുന്ന സജി ചെറിയാന്റെ സത്യപ്രതിജ്ഞയ്ക്ക് ഗവർണർ അനുമതി നൽകിയതിന് പിന്നാലെയാണ് സർക്കാരിന്റെ നടപടി. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം ഒഴിവാക്കി ഏഴാം സമ്മേളനത്തിന്റെ തുടർച്ചയായി സഭ ചേരാനായിരുന്നു നേരത്തെ, സർക്കാർ തീരുമാനിച്ചിരുന്നത്.
എന്നാൽ, സത്യപ്രതിജ്ഞാ വിഷയത്തിൽ ഗവർണർ വഴങ്ങിയതോടെ ഈ തീരുമാനത്തിൽ നിന്ന് സർക്കാർ പിൻമാറുകയായിരുന്നു. നിയമസഭ വീണ്ടും ചേരുന്നതിനായി നാളെ മന്ത്രിസഭാ യോഗം ചേർന്ന് ഗവർണർക്ക് ശുപാർശ ചെയ്യും. ഓൺലൈനായാണ് യോഗം ചേരുന്നത്. ഇതനുസരിച്ച് ഗവർണർക്ക് ശുപാർശ നൽകും. ഈ യോഗത്തിലാണ് എന്ന് മുതൽ നിയമസഭ ചേരണമെന്ന കാര്യത്തിൽ തീരുമാനമെടുക്കുക.
ഡിസംബറിലാണ് 15-ാം നിയമസഭയുടെ ഏഴാം സമ്മേളനം അവസാനിച്ചത്. എന്നാൽ, സഭ പിരിയുന്നതായി മന്ത്രിസഭ ചേർന്ന് ഗവർണറോട് ശുപാർശ ചെയ്തിരുന്നില്ല. അതുകൊണ്ട് ഏഴാം സമ്മേളനത്തിന്റെ തുടർച്ചയായി ജനുവരിയിൽ സഭാ സമ്മേളനം ചേരാൻ സാധിക്കുമായിരുന്നു. അങ്ങനെ വന്നാൽ ഗവർണറുടെ നയപ്രഖ്യാപനം നടത്തേണ്ടി വരില്ലായിരുന്നു. എന്നാൽ, പുതിയ സമ്മേളനം ചേരാൻ തീരുമാനിച്ച സാഹചര്യത്തിൽ ഏഴാം സമ്മേളനം പിരിഞ്ഞതായി സർക്കാർ ഗവർണറെ അറിയിക്കും.

