തിരുവനന്തപുരം: കോൺഗ്രസ് പുന:സംഘടന വൈകുന്നതിലുള്ള അതൃപ്തി പ്രകടിപ്പിച്ച് കെ മുരളീധരൻ. പാർട്ടിയെ ശക്തിപ്പെടുത്താൻ പ്രസംഗിച്ചാൽ മാത്രം പോരെന്നും പ്രവർത്തിക്കാൻ കൂടി തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന കെ കരുണാകരൻ അനുസ്മരണ ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
സിപിഎമ്മുകാർ വീടുകയറുകയാണ്. ബിജെപിക്കാർ പ്രോഗ്രസ് റിപ്പോർട്ട് തയ്യാറാക്കുന്നു. എന്നാൽ കോൺഗ്രസ് ഇപ്പോഴും പുന:സംഘടന ചർച്ച ചെയ്യുകയാണെന്ന് അദ്ദേഹം വിമർശിച്ചു. കോൺഗ്രസിന് ഇനിയൊരു തോൽവി താങ്ങാൻ കഴിയില്ല. പുന:സംഘടന വേഗത്തിൽ പൂർത്തിയാക്കണം. പലയിടങ്ങളിലും ഇഴഞ്ഞു നീങ്ങുകയാണ് പാർട്ടി. അടിത്തട്ട് മികച്ച രീതിയിൽ മുന്നോട്ട് പോകണമെന്നും എന്നാൽ ഇപ്പോഴത്തെ നേതൃത്വം മാറണമെന്ന അഭിപ്രായം തനിക്കില്ലെന്നും അദ്ദേഹം വേദിയിൽ അഭിപ്രായപ്പെട്ടു.
തന്റെ ഒരു സ്വകാര്യ ദു:ഖത്തെ കുറിച്ചും മുരളീധരൻ വിശദീകരിച്ചു. കൊച്ചി വിമാനത്താവളത്തിന് കെ കരുണാകരന്റെ പേര് എന്തു കൊണ്ട് നൽകുന്നില്ലെന്ന് തനിക്കറിയില്ല. അനുയോജ്യമായ അവസരം ഉണ്ടായിട്ടും അതു നടന്നില്ല. തന്റെ സ്വകാര്യദുഖമായിട്ടാണ് ഇക്കാര്യം പറയുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മുതിർന്ന നേതാവ് ശശി തരൂരും ചടങ്ങിൽ പങ്കെടുത്തു. രാഷ്ട്രീയത്തെ മതം സ്വാധീനിക്കാൻ പാടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഹിന്ദുത്വ എന്നു പറയുന്നത് ഒരു പൊളിറ്റിക്കൽ ഐഡിയോളജിയാണ്. കെ കരുണാകരൻ ഒരു ഹിന്ദുമത വിശ്വാസിയായിരുന്നു. എന്നാൽ എല്ലാ മതങ്ങളെയും ഉൾക്കൊണ്ട് എല്ലാവരുടേയും നന്മക്കായി പ്രവർത്തിച്ചിരുന്ന നേതാവാണ് അദ്ദേഹം. പ്രസംഗം മാത്രമല്ല പ്രവർത്തിച്ചിരുന്ന വ്യക്തിയാണ് കെ കരുണാകരൻ. രാജ്യത്ത് ഒരു വിമാനത്താവളത്തിന് ഒരു നേതാവിന്റെ പേരു നൽകണമെങ്കിൽ അത് കെ കരുണാകരന്റെ പേരാണ്. നെടുമ്പാശേരി വിമാനത്താവളത്തിന് കരുണാകരന്റെ പേര് നൽകണമെന്ന ആവശ്യവും ശശി തരൂർ മുന്നോട്ടുവെച്ചു.

