ന്യൂഡല്‍ഹി: മൊബൈല്‍ ഫോണ്‍ കയറ്റുമതിയില്‍ 2023ഓടെ ഇന്ത്യ മുന്നേറണമെന്നും ഉപകരണങ്ങള്‍ ടോപ് ടെന്‍ കയറ്റുമതി ഉത്പന്നങ്ങളുടെ പട്ടികയില്‍ എത്തണമെന്നുമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലക്ഷ്യമെന്ന് കേന്ദ്ര ഐ.ടി ആന്‍ഡ് ഇലക്ട്രോണിക്സ് സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍. രാജ്യത്തെ ഇലക്ട്രോണിക്സ് സാങ്കേതിക വിദ്യയുടെ വികസനത്തിന് ആവശ്യമായ എല്ലാ നടപടികളും കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
കേന്ദ്രമന്ത്രിയുടെ വാക്കുകള്‍
‘2023 അവസാനത്തോടെ മൊബൈല്‍ ഫോണ്‍ നിര്‍മ്മാണ മേഖല കൂടാതെ മറ്റ് പ്രധാന തലങ്ങളിലേക്ക് കൂടി ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ ശ്രമിക്കും. 2023ല്‍ ഇന്ത്യയില്‍ നിന്ന് ഒരു ലക്ഷം കോടി രൂപയുടെ മൊബൈല്‍ കയറ്റുമതി നടക്കണമെന്നാണ് മോദിജിയുടെ ആഗ്രഹം. അവ ടോപ് ടെന്‍ കയറ്റുമതി വിഭാഗത്തില്‍ തന്നെയാകണം. മൊബൈല്‍ ഫോണ്‍ വ്യവസായം വിജയകരമായി മുന്നോട്ടു കൊണ്ടുപോകാനാണ് ശ്രമിക്കുന്നത്. കൂടുതല്‍ നൂതനാശയങ്ങള്‍ ഈ മേഖലയില്‍ കൊണ്ടുവരും. കൂടാതെ ഐടി സെര്‍വര്‍, ഹാര്‍ഡ് വെയര്‍ സ്പേസ്, വെയറബിള്‍, ഹിയറബിള്‍ സ്പേസ് എന്നീ മേഖലയിലും മികച്ച പ്രകടനം കാഴ്ചവയ്ക്കും. ആഗോള തലത്തില്‍ വളരെപ്പെട്ടെന്ന് വളരുന്ന മേഖലകളാണ് ഇത്. വെയറബിള്‍, ഹിയറബിള്‍ കാറ്റഗറിയില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗിക്കുന്ന ഇന്ത്യന്‍ ബ്രാന്‍ഡ് ആണ് ഇമാജിന്‍ മാര്‍ക്കറ്റിംഗും, ഫയര്‍ ബോള്‍ട്ടും. അതുകൂടാതെ 5ജി സംവിധാനം കാര്യക്ഷമമായതോടെ ഡാറ്റാ സെന്ററുകള്‍, ഇന്‍ടേണ്‍ സെര്‍വറുകള്‍ എന്നിവയുടെ ഡിമാന്‍ഡും വര്‍ധിച്ചിട്ടുണ്ട്. മാര്‍ക്കറ്റ് റിസര്‍ച്ച് സ്ഥാപനമായ റിസര്‍ച്ച് ആന്‍ഡ് മാര്‍ക്കറ്റ്സിന്റെ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യന്‍ സെര്‍വര്‍ വിപണിയുടെ മൂല്യം 2022ല്‍ 1.7 ബില്യണ്‍ ഡോളറായിരുന്നു. വരും വര്‍ഷങ്ങളില്‍ 7.19 ശതമാനം വര്‍ധനവ് മേഖലയില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഐ.ടി, ഹാര്‍ഡ് വെയര്‍ സേവനങ്ങളില്‍ ഡിമാന്‍ഡ് ഉയര്‍ത്താനാണ് നാം ശ്രമിക്കുന്നത്. ഹിയറബിള്‍, വെയറബിള്‍ സേവനങ്ങള്‍ക്കായുള്ള വിപണി വിഹിതം വര്‍ധിപ്പാക്കാനും ശ്രമിക്കും. ആഗോള തലത്തില്‍ വിശ്വസനീയമായ ഒരു ബ്രാന്‍ഡായി ഇന്ത്യന്‍ നിര്‍മ്മിത വസ്തുക്കള്‍ മാറണമെന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രധാന ലക്ഷ്യമാണ്. ഇവയ്ക്കായി പിഎല്‍ഐ പോളിസിയില്‍ മാറ്റം വരുത്തണമെങ്കില്‍ അതും ചെയ്യും. എടി, ഹാര്‍ഡ് വെയര്‍ എന്നിവയ്ക്കായുള്ള പിഎല്‍ഐ പദ്ധതിയില്‍ ഡെല്‍, റൈസിംഗ് സ്റ്റാര്‍സ്, ഫ്ല്ക്സ്ട്രോണിക്സ്, ലാവ ഇന്റര്‍നാഷണല്‍, ഡിക്സണ്‍ ടെക്നോളജീസ് എന്നീ കമ്പനികളെ ഐടി, ഹാര്‍ഡ് വെയര്‍ എന്നിവയുടെ ഉല്‍പ്പാദനത്തിനായി കേന്ദ്ര സര്‍ക്കാര്‍ തെരഞ്ഞെടുത്തിട്ടുണ്ട്. ഏകദേശം 14 കമ്പനികളാണ് ഈ സ്‌കീമില്‍ വരുന്നത്. ഏകദേശം 7,325 രൂപ വരെ ഇന്‍സെന്റീവ് നല്‍കുന്നതിനും പദ്ധതിയില്‍ വ്യവസ്ഥയുണ്ട്.’

