ഒമിക്രോൺ വകഭേദത്തിന്റെ പുതിയ ഉപവിഭാഗങ്ങൾ; മുന്നറിയിപ്പ് നൽകി ലോകാരോഗ്യ സംഘടന

ന്യൂഡൽഹി: കോവിഡിന്റെ ഒമിക്രോൺ വകഭേദത്തിന്റെ പുതിയ ഉപവിഭാഗങ്ങൾ (ലീനിയേജ്) ഇന്ത്യയിൽ സ്ഥിരീകരിക്കുന്നതിൽ മുന്നറിയിപ്പ് നൽകി ലോകാരോഗ്യ സംഘടന. അഞ്ഞൂറോളം ഉപവിഭാഗങ്ങളുള്ളതിനാൽ വരുംദിവസങ്ങളിൽ പലയിടത്തായി വൈറസ് വ്യാപനം ഉണ്ടാകാമെന്നാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്.

അമേരിക്കയിൽ അതിവേഗ വ്യാപനത്തിന് കാരണമാകുന്ന ഒമിക്രോണിന്റെ ‘എക്‌സ്ബിബി.1.5’ ഉപവിഭാഗത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ ഇന്ത്യയിലും ജാഗ്രത കർശനമാക്കിയിട്ടുണ്ട്. ജനിതകമാറ്റങ്ങൾ ഇതിനെ കൂടുതൽ വ്യാപനശേഷിയുള്ളതാക്കിയെന്നാണ് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യയിലും സിംഗപ്പൂരിലും നേരത്തേ കണ്ടെത്തിയ എക്‌സ്ബിബി ഉപവിഭാഗത്തിൽ നേരിയ മാറ്റങ്ങൾ സംഭവിച്ചതാണ് എക്‌സ്ബിബി 1.5.

ഒമിക്രോൺ വകഭേദത്തിന്റെ ബിജെ.1, ബിഎ.2.75 ഉപവിഭാഗങ്ങൾ ചേർന്നതാണ് എക്‌സ്ബിബി. ഈ വകഭേദത്തിലൂടെ വീണ്ടും വൈറസ് ബാധയേൽക്കാൻ (റീഇൻഫെക്ഷൻ) സാധ്യത കൂടുതലാണെന്നാണ് ലോകാരോഗ്യ സംഘടന അറിയിച്ചിട്ടുള്ളത്. ഒമിക്രോൺ വകഭേദം വ്യാപിക്കുന്നതിനു മുൻപ് കോവിഡ് വന്നവർക്കാണ് രോഗബാധയ്ക്കു സാധ്യതയെന്നും ആരോഗ്യ വിദഗ്ധർ സൂചിപ്പിക്കുന്നത്. ഇന്ത്യയിൽ കോവിഡ് ആരംഭിച്ച് 2020 ജനുവരി 30 മുതൽ ഒമിക്രോൺ സ്ഥിരീകരിച്ച 2021 അവസാനം വരെ പോസിറ്റീവായവരാണ് റിസ്‌ക് വിഭാഗത്തിൽ ഉൾപ്പെട്ടിരിക്കുന്നത്.