കോട്ടയം: മന്നം ജയന്തി സമ്മേളനത്തിൽ പങ്കെടുത്ത് കോൺഗ്രസ് നേതാവ് ശശി തരൂർ. എൻഎസ്എസ് ആസ്ഥാനത്ത് നടന്ന സമ്മേളനത്തിലാണ് ശശി തരൂർ പങ്കെടുത്തത്. ഏറെ സന്തോഷം തരുന്ന സന്ദർശനമാണിതെന്ന് അദ്ദേഹം പറഞ്ഞു. ഒരു നായർക്ക് മറ്റൊരു നായരെ കണ്ടുകൂടാ എന്ന് മന്നം പറഞ്ഞിട്ടുണ്ട്. അദ്ദേഹം അത് 80 വർഷങ്ങൾക്ക് മുൻപാണ് പറഞ്ഞത്. എന്നാൽ രാഷ്ട്രീയത്തിൽ ഇപ്പോൾ താൻ അത് അനുഭവിക്കുന്നുണ്ടെന്നും ശശി തരൂർ വ്യക്തമാക്കി.
മന്നം ജയന്തി സമ്മേളനത്തിൽ പങ്കെടുക്കുന്നത് ആദ്യമാണ്. മുമ്പും താൻ പെരുന്നയിൽ വന്നിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, മുതിർന്ന കോൺഗ്രസ് നേതാക്കളെ ഇന്നത്തെ ചടങ്ങിലേക്ക് എൻഎസ്എസ് ക്ഷണിച്ചിട്ടില്ല. മുൻപ് താൻ തരൂരിനെ ഡൽഹി നായർ എന്ന് വിളിച്ചിരുന്നു. ആ തെറ്റ് തിരുത്താനാണ് ഇന്ന് തരൂരിനെ വിളിച്ചതെന്ന് എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ വ്യക്തമാക്കി. തരൂർ കേരളത്തിന്റെ വിശ്വപൗരനാണ്. മറ്റാരെയും തനിക്ക് ആ സ്ഥാനത്ത് കാണാൻ കഴിയുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
10 വർഷം മുമ്പ് എകെ ആന്റണി മന്നം ജയന്ത്രി സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. അതിനു ശേഷം ഇതാദ്യമായാണ് ഒരു കോൺഗ്രസ് നേതാവിനെ മന്നം ജയന്ത്രി സമ്മേളനത്തിലേക്ക് എൻ എസ് എസ് ക്ഷണിക്കുന്നത്.

