ലൈംഗികാതിക്രമ പരാതി; ഹരിയാണ കായികമന്ത്രി സന്ദീപ് സിങ് രാജിവെച്ചു

ന്യൂഡല്‍ഹി: ലൈംഗികാതിക്രമത്തിനെതിരെ വനിതാ ജൂനിയര്‍ അത്‌ലറ്റിക് കോച്ച് നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്തതിന് പിന്നാലെ രാജിവെച്ച് ഹരിയാണ കായികമന്ത്രി സന്ദീപ് സിങ്. സന്ദീപ് സിങ് അദ്ദേഹത്തിന്റെ ക്യാമ്പ് ഓഫീസിലേക്ക് വിളിച്ചുവരുത്തി ലൈംഗികാതിക്രമത്തിനിരയാക്കിയെന്നാണ് യുവതിയുടെ പരാതി.

എന്നാല്‍, തനിക്കെതിരെ വ്യക്തിഹത്യ നടത്തുകയാണ് പരാതികൊണ്ട് ലക്ഷ്യമിടുന്നതെന്ന് സന്ദീപ് സിങ് ആരോപിച്ചു. ‘എന്റെ പ്രതിച്ഛായ തകര്‍ക്കുന്നതിനുള്ള ശ്രമമാണ് നടക്കുന്നത്. എനിക്കെതിരെയുള്ള വ്യജ ആരോപണങ്ങളില്‍ കൃത്യമായ അന്വേഷണം ഉണ്ടാകുമെന്നാണ് വിശ്വാസം. അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ കായികവകുപ്പിന്റെ ഉത്തരവാദിത്വം മുഖ്യമന്ത്രിക്ക് കൈമാറുകയാണ്’- അദ്ദേഹം വ്യക്തമാക്കി..

അതേസമയം, ബി.ജെ.പി സര്‍ക്കാരിലെ മന്ത്രിയും മുന്‍ ദേശീയ ഹോക്കി താരവുമായ സന്ദീപ് സിങ്ങിനെതിരേ കഴിഞ്ഞ വ്യാഴാഴ്ചയാണ് യുവതി ആരോപണവുമായി രംഗത്തെത്തിയത്. ജിംനേഷ്യത്തില്‍ വെച്ച് സന്ദീപ് സിങിന പെരിചപ്പെട്ട ശേഷം ഇന്‍സ്റ്റഗ്രാമില്‍ സന്ദേശങ്ങള്‍ അയക്കുകയും നേരിട്ട് കാണാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട തന്റെ സര്‍ട്ടിഫിക്കറ്റുകളില്‍ ചില അനിശ്ചിതത്വങ്ങളുണ്ടെന്നും നേരിട്ടുകാണണമെന്നുമായിരുന്നു ആവശ്യം. മന്ത്രിയുടെ ക്യാമ്പ് ഓഫീസായി പ്രവര്‍ത്തിക്കുന്ന വീട്ടിലേക്കാണ് വിളിച്ചുവരുത്തിയത്. രേഖകളുമായി എത്തിയ തന്നോട് മന്ത്രി ലൈംഗികാതിക്രമം നടത്തിയെന്നാണ് കോച്ചിന്റെ ആരോപണം.