ശ്രീനഗർ: ഭീകരതക്കെതിരെ വിട്ടുവീഴ്ച്ചയില്ലാത്ത നടപടികളുമായി ജമ്മു കശ്മീർ പോലീസ്. പുൽവാമയിൽ ഭീകരവാദികൾക്ക് സഹായം നൽകിയ കുടുംബത്തിന്റെ സ്വത്ത് ജമ്മു കാശ്മീർ പോലീസ് കണ്ടുകെട്ടി. ശനിയാഴ്ച്ചയാണ് സംഭവം. ഭീകരവാദികൾക്ക് അഭയവും സഹായവും നൽകിയ കൂട്ടാളികളായ ജഹാംഗീർ അഹമ്മദ് ലോണിന്റെയും, ഉമർ ഷാഫി ലോണിന്റെയും പിതാവ് മുഹമ്മദ് ഷാഫി ലോണിന്റെ സ്വത്താണ് പോലീസ് കണ്ടുകെട്ടിയത്.
ഭീകരവാദികൾക്ക് സഹായം നൽകുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടിയെന്ന് അധികൃതർ വ്യക്തമാക്കി. ഇവർക്കൊപ്പം ഭീകരവാദത്തെ പിന്തുണയ്ക്കുന്ന 649 പേർക്കെതിരെ കർശന നടപടി സ്വീകരിച്ചതായി ജമ്മു കശ്മീർ പൊലീസ് ഡയറക്ടർ ജനറൽ ദിൽബാഗ് സിംഗ് അറിയിച്ചു. പ്രതിരോധ തടങ്കൽ നിയമപ്രകാരമാവും കേസ് രജിസ്റ്റർ ചെയ്യുന്നത്.
തീവ്രവാദവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചതിന് 28 പേരുടെ സ്വത്ത് വകകൾ 2022 ൽ കണ്ടുകെട്ടിയിട്ടുണ്ടെന്നാണ് ജമ്മു കാശ്മീർ ഡിജിപിയുടെ കണക്കുകൾ വ്യക്തമാക്കുന്നത്. 186 ഭീകരരെ വിവിധ ഓപ്പറേഷനുകളിലൂടെ 2022 ൽ സൈന്യവും പോലീസും വധിച്ചു. ഇവരിൽ 56 പേർ പാക് ഭീകര ബന്ധമുള്ള വിദേശികളാണ്. 159 ഭീകരരെ ഇക്കാലയളവിൽ ജീവനോടെ പിടികൂടി ചോദ്യം ചെയ്തിട്ടുണ്ട്. ഭീകരതയെ പിന്തുണച്ച 557 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായും അധികൃതർ കൂട്ടിച്ചേർത്തു.

