ന്യൂഡൽഹി: ഇന്ത്യയോട് ഖേദപ്രകടനവുമായി വാട്ട്‌സ് ആപ്പ്. പുതുവത്സരവുമായി ബന്ധപ്പെട്ട് ട്വീറ്റുചെയ്ത വീഡിയോയിൽ ഇന്ത്യയുടെ തെറ്റായ ഭൂപടം നൽകിയതിലാണ് വാട്ട്‌സ് ആപ്പ് ഖേദപ്രകടനം നടത്തിയത്. കേന്ദ്ര ഇലക്ട്രോണിക്‌സ്, ഐ ടി., നൈപുണി വികസനം സഹമന്ത്രി രാജീവ് ചന്ദ്രശേഖർ തെറ്റുചൂണ്ടിക്കാട്ടി തിരുത്തണമെന്ന് വാട്ട്‌സ് ആപ്പിനോട് ആവശ്യപ്പെട്ടിരുന്നു.
ഇന്ത്യയിൽ ബിസിനസ് ചെയ്യണമെന്നുള്ളവർ ശരിയായ ഭൂപടങ്ങൾ ഉപയോഗിക്കണമെന്നും അദ്ദേഹം ട്വിറ്ററിലൂടെ വ്യക്തമാക്കിയിരുന്നു. മനഃപൂർവമല്ല തെറ്റുസംഭവിച്ചതെന്ന് വാട്‌സ് ആപ്പ് ട്വിറ്ററിലൂടെ അറിയിച്ചു. ഭാവിയിൽ കരുതലോടെയിരിക്കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ജമ്മുകശ്മീർ ഉൾപ്പെടാത്ത വിധത്തിലുള്ള ഭൂപടമായിരുന്നു വാട്‌സ് ആപ്പ് പങ്കുവെച്ച വീഡിയോയിൽ ഉൾപ്പെടുത്തിയിരുന്നത്.
നേരത്തെ ഇന്ത്യയുടെ ഭൂപടം തെറ്റായി നൽകിക്കൊണ്ടുള്ള വീഡിയോ ട്വീറ്റ് ചെയ്ത സൂം സി.ഇ.ഒ എറിക് യുവാനും സമാനമായ രീതിയിൽ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ മുന്നറിയിപ്പ് നൽകിയിരുന്നു. എറിക് യുവാനെ ട്വിറ്ററിൽ ടാഗ് ചെയ്തുകൊണ്ടായിരുന്നു അദ്ദേഹം താക്കീത് നൽകിയത്.

