ന്യൂഡൽഹി: ആഢംബര ഹോട്ടലുകളിലെ റെസ്റ്ററന്റുകൾക്കും ബാറുകൾക്കും 24 മണിക്കൂറും പ്രവർത്തിക്കാൻ അനുമതി നൽകി ഡൽഹി. ലഫ്റ്റനന്റ് ഗവർണർ വി കെ സക്സേനയുടെ നേതൃത്വത്തിലുള്ള പാനൽ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പുതിയ സമയക്രമം പ്രഖ്യാപിച്ചത്.
ഡൽഹിയിൽ ഇനി മുതൽ ഫോർ സ്റ്റാർ, ഫൈവ് സ്റ്റാർ ഹോട്ടലുകളിലെ റെസ്റ്റോറന്റുകൾക്കും ബാറുകൾക്കും 24 മണിക്കൂർ തുറന്നു പ്രവർത്തിക്കാം. എയർപോർട്ട്, റെയിൽവേ സ്റ്റേഷൻ, ബസ് ടെർമിനലുകൾ എന്നിവിടങ്ങളിലെ റെസ്റ്റോറന്റുകൾക്കും 24 മണിക്കൂർ പ്രവർത്തനാനുമതി നൽകിയിട്ടുണ്ട്.
പുലർച്ചെ 2 മണി വരെ ത്രീ സ്റ്റാർ ഹോട്ടലുകളിലെ റെസ്റ്റോറന്റുകൾക്ക് പ്രവർത്തിക്കാനാണ് അനുമതി നൽകിയിട്ടുണ്ട്. മറ്റുള്ള റെസ്റ്ററന്റുകൾക്ക് പുലർച്ചെ ഒരു മണി വരെയും പ്രവർത്തിക്കാമെന്ന് അധികൃതർ അറിയിച്ചു. ഹോട്ടലുകൾക്ക് ലൈസൻസ് നൽകുന്നതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങളിലും ഇളവ് വരുത്തിയിട്ടുണ്ട്. അപേക്ഷ നൽകി 49 ദിവസങ്ങൾക്കുള്ളിൽ ലൈസൻസ് ലഭിക്കും. പോലീസ് വെരിഫിക്കേഷൻ നടപടികൾ ഓൺലൈനാക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

