ജനീവ: ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ കോവിഡ് വ്യാപനം വർദ്ധിക്കുന്നതിൽ ആശങ്ക രേഖപ്പെടുത്തി ലോകാരോഗ്യ സംഘടന. ചൈനയിലെ ആരോഗ്യസംവിധാനത്തിന് ആവശ്യമായ സംരക്ഷണവും പിന്തുണയും നൽകുമെന്ന് ലോകാരോഗ്യസംഘടനയുടെ ഡയറക്ടർ ജനറലായ ടെഡ്രോസ് അഥനോം ഗെബ്രിയേസുസ് വ്യക്തമാക്കി. ചൈനയിൽ നിന്നുള്ള യാത്രികർക്ക് നിരവധി രാജ്യങ്ങൾ യാത്രാവിലക്ക് ഏർപ്പെടുത്തിയതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.
കോവിഡ് വൈറസ് വ്യാപനത്തെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ലഭ്യമാകാത്ത സാഹചര്യത്തിൽ രാജ്യങ്ങൾ തങ്ങളുടെ ജനങ്ങളെ സംരക്ഷിക്കുന്ന തരത്തിലുള്ള നടപടികൾ കൈക്കൊള്ളുന്നത് മനസ്സിലാക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് വൈറസ് വ്യാപനത്തിന്റെ ആവിർഭാവത്തെക്കുറിച്ചും മറ്റുമുള്ള ഡാറ്റകൾ കൈമാറാനും പഠനങ്ങൾ നടത്താനും ചൈനയോട് തുടർച്ചയായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
രോഗികളുടെ എണ്ണം ഉയരുന്നതിനിടെ കോവിഡ് നിയന്ത്രണങ്ങൾ പിൻവലിക്കാനാണ് ചൈനയുടെ തീരുമാനം. മൂന്നു വർഷത്തിനു ശേഷമാണ് ചൈന കോവിഡ് നിയന്ത്രണങ്ങൾ പിൻവലിക്കാനൊരുങ്ങുന്നത്. വിദേശത്തു നിന്ന് എത്തുന്നവർക്ക് ഏർപ്പെടുത്തിയിരുന്ന ക്വാറന്റെയ്ൻ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ പിൻവലിക്കുമെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ജോലിക്കും പഠനത്തിനും കുടുംബാംഗങ്ങളെ സന്ദർശിക്കുന്നതിനുമായി എത്തുന്നവർക്കുവേണ്ടി ചൈന അതിർത്തികൾ തുറക്കുമെന്നും ചൈനീസ് പൗരന്മാരെ വിദേശയാത്ര നടത്താനും അനുവദിക്കുമെന്നാണ് മാദ്ധ്യമ റിപ്പോർട്ടുകൾ. ജനുവരി എട്ടു മുതലായിരിക്കും നിയന്ത്രണങ്ങൾ ഒഴിവാക്കുക. ചൈനയിൽ വീണ്ടും കോവിഡ് വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ ഒഴിവാക്കുന്നത്. കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് ആശുപത്രികൾ നിറഞ്ഞുവെന്നും പ്രായംചെന്ന നിരവധിപേർ മരിക്കുന്നുവെന്നുമാണ് ചൈനയിൽനിന്ന് പുറത്തുവരുന്ന വിവരം.
അതേസമയം, കോവിഡിന്റെ പുതിയ വകഭേദം ചൈനയിൽ അതിവേഗം വ്യാപിക്കുന്നതിനിടെ നിയന്ത്രണങ്ങളിൽ ഇളവുനൽകുന്നതിനെ മറ്റുരാജ്യങ്ങൾ സംശയത്തോടെയാണ് കാണുന്നത്. ചൈനയിൽ നിന്നെത്തുന്ന യാത്രക്കാർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കാനാണ് ഇന്ത്യ, യു.എസ്., ജപ്പാൻ തുടങ്ങി നിരവധി രാജ്യങ്ങളുടെ തീരുമാനം. ജനുവരി അഞ്ചു മുതൽ ചൈനയിൽ നിന്നെത്തുന്നവർക്ക് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണെന്ന് യു എസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ വ്യക്തമാക്കി.

