പ്രണയ വിവാഹിതയായ മകള്‍ക്ക് പിതാവില്‍ നിന്നുള്ള വിവാഹ ചെലവിന് അര്‍ഹതയില്ല; കുടുംബ കോടതിയുടെ ഉത്തരവ്‌

ഇരിങ്ങാലക്കുട: പ്രണയ വിവാഹിതയായ മകള്‍ക്ക് പിതാവില്‍ നിന്നുള്ള വിവാഹ ചെലവിന് അര്‍ഹതയില്ലെന്ന് ഇരിങ്ങാല കുടുംബ കോടതി. പിതാവ് വിവാഹ ചെലവോ മറ്റ് ചെലവുകള്‍ക്കുള്ള പണമോ നല്‍കുന്നില്ലെന്ന് കാണിച്ച് പാലക്കാട്, വടവന്നൂര്‍ സ്വദേശി ശെല്‍വദാസിന്റെ മകള്‍ നിവേദിത നല്‍കിയ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് കുടുംബ കോടതി ജഡ്ജി ഡി. സുരേഷ് കുമാറിന്റെ ഉത്തരവ്.

2010 മുതല്‍ പിതാവ് തനിക്കും അമ്മയ്ക്കും ചെലവിന് നല്‍കാതെ ക്രൂരത കാണിക്കുകയാണെന്നാണ് മകള്‍ പരാതിയില്‍ ആരോപിക്കുന്നത്. പിതാവില്‍ നിന്ന് വിവാഹ ചെലവിന് 35 ലക്ഷം രൂപയും ചെലവിനത്തില്‍ 35,000 രൂപയും ആവശ്യപ്പെട്ടാണ് നിവേദിത കുടുംബ കോടതിയെ സമീപിച്ചത്. എന്നാല്‍, 2013 ഡിസംബര്‍ വരെ മകള്‍ക്ക് ചെലവിന് നല്‍കിയിരുന്നെന്നും മകളെ ബി ഡി എസ് വരെ പഠിപ്പിച്ചെന്നും നിവേദിത ഉന്നയിച്ച ആരോപണങ്ങള്‍ തെറ്റാണെന്നും ശെല്‍വദാസ് കോടതിയെ അറിയിച്ചു. മാത്രമല്ല, മകളുടേത് പ്രണയ വിവാഹമായിരുന്നെന്നും വിവാഹം പിതാവായ തന്നെ അറിയിച്ചിരുന്നില്ലെന്നും ശെല്‍വദാസ് വ്യക്തമാക്കി.

അതിനാല്‍ മകള്‍ക്ക് വിവാഹ ചെലവ് നല്‍ക്കാന്‍ കഴിയില്ലെന്നും അതിന് അര്‍ഹതയില്ലെന്നും പിതാവ് കോടതിയില്‍ വാദിച്ചു. തുടര്‍ന്ന് തെളിവുകള്‍ പിരിശോധിച്ച കോടതി പിതാവിന്റെ വാദം അംഗീകരിക്കുകയും മകള്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ തള്ളുകയുമായിരുന്നു.