തിരുവനന്തപുരം: കോൺഗ്രസിലെ മൃദുഹിന്ദുത്വ ചർച്ചയിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. എ കെ ആന്റണി, രാജ്‌മോഹൻ ഉണ്ണിത്താൻ, പ്രിയങ്കാ ഗാന്ധി, രാഹുൽ ഗാന്ധി തുടങ്ങിയവരെയെല്ലാം പേരെടുത്ത് പറഞ്ഞാണ് കെ സുരേന്ദ്രൻ വിമർശിച്ചത്. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.
തന്റെ പ്രിയ സുഹൃത്ത് രാജ്‌മോഹൻ ഉണ്ണിത്താനെ വിദ്യാർത്ഥികാലം മുതൽ കൊട്ടാരക്കര മഹാഗണപതിയുടെ കറുത്ത തിലകം ചാർത്തിയ സുന്ദരമായ മുഖത്തോടെയേ കേരളം കണ്ടിട്ടുള്ളൂ. 2019 ഏപ്രിൽ മുതൽ ആ തിലകം നാമാരും കാണാത്തതെന്തുകൊണ്ടെന്ന ചോദ്യം വെറും കൗതുകത്തിനുവേണ്ടിയെങ്കിലും ചിന്തിച്ചുനോക്കുന്നത് നല്ലതല്ലേയെന്ന് സുരേന്ദ്രൻ ചോദിക്കുന്നു.
കാസർഗോഡ് മത്സരിക്കാൻ വരുന്നതിനുമുൻപ് തന്റെ മറ്റൊരുസുഹൃത്തായ കോൺഗ്രസ്സ് മുൻ നേതാവ് തട്ടമേ ഇടുമായിരുന്നില്ല. ഇവിടെയാണ് എ കെ ആന്റണിയുടെ ബധിരവിലാപം ചർച്ചയാവുന്നത്. കോൺഗ്രസ്സ് ആദ്യം ആത്മാഭിമാനം വീണ്ടെടുക്കാനാണ് ശ്രമിക്കേണ്ടത്. അടിമ മനോഭാവമാണ് കോൺഗ്രസ്സിനെ ഈ നിലയിലെത്തിച്ചത്. അതിൽ ആന്റണിക്കുള്ള പങ്ക് ചെറുതല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഭൂരിപക്ഷസമുദായം കോൺഗ്രസ്സിന്റെ ചെപ്പടിവിദ്യകളിൽ വീഴാൻ പോകുന്നില്ലെന്ന് രാഹുലിന്റേയും പ്രിയങ്കയുടേയും നെറ്റിയിൽ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്ന നെടുങ്കൻ കളഭക്കുറികൾ ആന്റണിയെ ബോധ്യപ്പെടുത്തുന്നില്ലെങ്കിൽ തകരാറ് അദ്ദേഹത്തിനുമാത്രമെന്ന് കരുതി സമാധാനിക്കുകയല്ലാതെ കോൺഗ്രസ്സുകാർക്ക് വേറൊരു നിവൃത്തിയുമില്ലെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:
എന്റെ പ്രിയ സുഹൃത്ത് ശ്രീ ഉണ്ണിത്താനെ വിദ്യാർത്ഥികാലം മുതൽ കൊട്ടാരക്കര മഹാഗണപതിയുടെ കറുത്ത തിലകം ചാർത്തിയ സുന്ദരമായ മുഖത്തോടെയേ കേരളം കണ്ടിട്ടുള്ളൂ. 2019 ഏപ്രിൽ മുതൽ ആ തിലകം നാമാരും കാണാത്തതെന്തുകൊണ്ടെന്ന ചോദ്യം വെറും കൗതുകത്തിനുവേണ്ടിയെങ്കിലും നമുക്ക് ചിന്തിച്ചുനോക്കുന്നത് നല്ലതല്ലേ.
കാസർഗോഡ് മൽസരിക്കാൻ വരുന്നതിനുമുൻപ് എന്റെ മറ്റൊരുസുഹൃത്തായ കോൺഗ്രസ്സ് മുൻ നേതാവ് തട്ടമേ ഇടുമായിരുന്നില്ല. ഇവിടെയാണ് ബഹുമാന്യനായ ശ്രീ. എ. കെ. ആന്റണിയുടെ ബധിരവിലാപം ചർച്ചയാവുന്നത്. കോൺഗ്രസ്സ് ആദ്യം ആത്മാഭിമാനം വീണ്ടെടുക്കാനാണ് ശ്രമിക്കേണ്ടത്. അടിമ മനോഭാവമാണ് കോൺഗ്രസ്സിനെ ഈ നിലയിലെത്തിച്ചത്. അതിൽ ആന്റണിക്കുള്ള പങ്ക് ചെറുതല്ലതാനും.
ഭൂരിപക്ഷസമുദായം കോൺഗ്രസ്സിന്റെ ചെപ്പടിവിദ്യകളിൽ വീഴാൻ പോകുന്നില്ലെന്ന് രാഹുലിന്റേയും പ്രിയങ്കയുടേയും നെറ്റിയിൽ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്ന നെടുങ്കൻ കളഭക്കുറികൾ ആന്റണിയെ ബോധ്യപ്പെടുത്തുന്നില്ലെങ്കിൽ തകരാറ് അദ്ദേഹത്തിനുമാത്രമെന്നു കരുതി സമാധാനിക്കുകയല്ലാതെ കോൺഗ്രസ്സുകാർക്ക് വേറൊരു നിവൃത്തിയുമില്ല.

