പാരിസ്: അര്‍ജന്റീന ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസ് ലോകകപ്പ് ഫൈനല്‍ ആഘോഷത്തിനിടെ നടത്തിയ പരിഹാസങ്ങളോടും അധിക്ഷേപങ്ങളോടും പ്രതികരിച്ച് ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെ. അത്തരം കാര്യങ്ങള്‍ക്ക് ഊര്‍ജം കളയാനില്ലെന്നും മത്സരശേഷം ലയണല്‍ മെസിയുമായി സംസാരിക്കുകയും അഭിനന്ദനം അറിയിക്കുകയും ചെയ്തിരുന്നുവെന്നും എംബാപ്പെ വെളിപ്പെടുത്തി.
‘ലോകകപ്പ് ഫൈനലിലെ പരാജയം പ്രയാസകരമായിരുന്നു. ഇന്ന് ജയിച്ചപ്പോള്‍ ആശ്വാസം തോന്നിയതു അതുകൊണ്ടാണ്. എനിക്ക് അവസാന ഗോള്‍ നേടാനുമായി. ഫ്രഞ്ച് സംഘത്തിന്റെ ലോകകപ്പ് ഫൈനല്‍ തോല്‍വി എന്റെ ക്ലബിന്റെ തെറ്റല്ല. ഇനി പി.എസ്.ജിക്കു വേണ്ടി എല്ലാം സമര്‍പ്പിക്കും. ഫൈനലിനുശേഷം ഞാന്‍ മെസിയോട് സംസാരിക്കുകയും അഭിനന്ദിക്കുകയും ചെയ്തിരുന്നു. ജീവിതകാലം മുഴുവന്‍ അദ്ദേഹം കാത്തിരുന്നത് അതിനായിരുന്നു. ഞാനും അതിനു തന്നെയാണ് കാത്തിരുന്നതെങ്കിലും പരാജയപ്പെട്ടു’-എംബാപ്പെ ചൂണ്ടിക്കാട്ടി.
ലോകകപ്പ് ഫൈനലിനു ശേഷം മാര്‍ട്ടിനസ് നടത്തിയ വംശീയാധിക്ഷേപത്തെക്കുറിച്ചും പരിഹാസങ്ങളെക്കുറിച്ചും താരം നിലപാട് വ്യക്തമാക്കി. ‘എപ്പോഴും നീതിയുക്തമായി പെരുമാറുന്ന താരമായിരിക്കണം. (അദ്ദേഹത്തിന്റെ) ആഘോഷങ്ങള്‍ എന്റെ പ്രശ്നമല്ല. അത്തരം അസംബന്ധങ്ങള്‍ക്കു വേണ്ടി ഞാന്‍ സമയം പാഴാക്കില്ല.’-എംബാപ്പെ കൂട്ടിച്ചേര്‍ത്തു. ലോകകപ്പ് വിജയത്തിനു ശേഷം എംബാപ്പെയ്ക്കു വേണ്ടി ഒരു മിനിറ്റ് മൗനമാചരിക്കുന്നുവെന്നു പറഞ്ഞായിരുന്നു ഡ്രെസിങ് റൂമില്‍ എമി മാര്‍ട്ടിനസിന്റെ പരിഹാസം. പിന്നീട് അര്‍ജന്റീന തലസ്ഥാനമായ ബ്യൂണസ് അയേഴ്സില്‍ തുറന്ന വാഹനത്തില്‍ കിടീരവുമായി നടന്ന വിജയാഘോഷയാത്രയിലും മാര്‍ട്ടിനസ് എംബാപ്പെയ്ക്കെതിരെ അധിക്ഷേപം തുടര്‍ന്നു. എംബാപ്പെയുടെ മുഖം ഒട്ടിച്ച പാവയും കൈയില്‍ പിടിച്ചായിരുന്നു ആഘോഷം.

