ന്യൂഡല്‍ഹി: ഇന്ത്യന്‍ നിര്‍മിത ചുമമരുന്ന് കഴിച്ച് ഉസ്‌ബെകിസ്താനില്‍ 18 കുട്ടികള്‍ മരിച്ചെന്ന അവകാശവാദത്തിന് പിന്നാലെ നോയിഡ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മാരിയണ്‍ ബയോടെക്ക് എന്ന മരുന്നുനിര്‍മാണ കമ്പനിക്കെതിരെ സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷനും(നോര്‍ത്ത് സോണ്‍) ഉത്തര്‍പ്രദേശ് ഡ്രഗ്‌സ് കണ്‍ട്രോളിങ് ആന്‍ഡ് ലൈസന്‍സിങ് അതോറിറ്റിയും സംയുക്തമായി അന്വേഷണം ആരംഭിച്ചു.
അതേസമയം, ആരോപണമുയര്‍ന്ന ചുമമരുന്നിന്റെ ഉത്പാദനം താത്കാലികമായി നിര്‍ത്തിവെച്ചു. പരിശോധനയ്ക്കായി മാരിയോണ്‍ ബയോടെക്കില്‍ നിന്ന് മരുന്നിന്റെ സാമ്പിളുകള്‍ ശേഖരിക്കുകയും ചണ്ഡീഗഢിലെ റീജണല്‍ ഡ്രഗ്‌സ് ലാബിലേക്ക് മരുന്നിന്റെ സാമ്പികളുകള്‍ അയക്കുകയും ചെയ്തിട്ടുണ്ട്. പരിശോധനാഫലം ലഭിച്ചാല്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ അറിയിച്ചു. ഉസ്‌ബെകിസ്താനുമായി ചൊവ്വാഴ്ച മുതല്‍ ഇക്കാര്യത്തില്‍ ആശയവിനിമയം നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘മരുന്നിന്റെ പരിശോധന ഫലത്തിനായി കാത്തിരിക്കുകയാണ്. സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണം നടത്തുന്നുണ്ട്. പരിശോധന ഫലം ലഭിക്കുന്നതനുസരിച്ച് കമ്പനിയും നടപടിയും സ്വീകരിക്കും. നിലവില്‍ മരുന്നിന്റെ ഉത്പാദനം നിര്‍ത്തിവെച്ചിരിക്കുകയാണ്’- മാരിയോണ്‍ ബയോടെക്ക് കമ്പനി അധികൃതര്‍ വ്യക്തമാക്കി. ‘ഡോക്-1 മാക്‌സ്’ ചുമമരുന്ന് കഴിച്ച് 18 കുട്ടികള്‍ മരിച്ചെന്നായിരുന്നു ഉസ്‌ബെകിസ്താന്‍ ആരോഗ്യമന്ത്രാലയത്തിന്റെ പ്രസ്താവന. ലാബില്‍ നടത്തിയ പരിശോധനയില്‍ മരുന്നില്‍ എഥിലീന്‍ ഗ്ലൈക്കോളിന്റെ സാന്നിധ്യം കണ്ടെത്തിയതായും ഉസ്‌ബെക്കിസ്താന്‍ ആരോഗ്യമന്ത്രാലയം ചൂണ്ടിക്കാട്ടിയിരുന്നു.

