കൊലപാതകക്കേസുകളിൽ യുഡിഎഫും എൽഡിഎഫും പരസ്പര സഹായ സഹകരണ സംഘങ്ങളായി പ്രവർത്തിക്കുന്നു; കെ സുരേന്ദ്രൻ

കൊച്ചി: യുഡിഎഫിനും എൽഡിഎഫിനുമെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കൊലപാതകക്കേസുകളിൽ പരസ്പരം രക്ഷപ്പെടാൻ അവസരമൊരുക്കി കേരളത്തിൽ യുഡിഎഫും എൽഡിഎഫും പരസ്പര സഹായ സഹകരണ സംഘങ്ങളായി പ്രവർത്തിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

അരിയിൽ ഷുക്കൂർ വധക്കേസിൽ സിപിഎം നേതാവ് പി ജയരാജനെതിരെ കൊലപാതകക്കേസെടുക്കരുതെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി നിർദേശിച്ചെന്ന ആരോപണം ഗൗരവതരമാണ്. സ്വന്തം പാർട്ടി പ്രവർത്തകനെ വധിച്ച കേസിലെ പ്രതികളെ സംരക്ഷിക്കാൻ പി കെ കുഞ്ഞാലിക്കുട്ടി തയ്യാറായെന്നു പറഞ്ഞാൽ സിപിഎമ്മും ലീഗും തമ്മിലെ ബന്ധം വ്യക്തമല്ലേ. പോപ്പുലർ ഫ്രണ്ടിനെ സംരക്ഷിക്കുന്നതിലും എൽഡിഎഫും യൂഡിഎഫും ഒന്നിച്ചാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, എ കെ ആന്റണിയുടെ പ്രസ്താവന തികഞ്ഞ കാപട്യമാണെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി. ഭരിക്കാൻ അവസരം കിട്ടിയപ്പോഴൊക്കെ ഹിന്ദുക്കൾക്ക്, ഭൂരിപക്ഷ സമുദായത്തിന് ദോഷമുണ്ടാക്കുന്ന നിലപാടാണ് ആന്റണി സ്വീകരിച്ചിട്ടുള്ളത്. കോൺഗ്രസിനെപ്പോലെ ഭൂരിപക്ഷ സമുദായത്തെ ഇതുപോലെ ദ്രോഹിച്ച വേറൊരു പാർട്ടിയില്ല. ഭൂരിപക്ഷ വിഭാഗത്തിന്റെ കൂടി പിന്തുണ ആർജിക്കണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആന്റണി കോൺഗ്രസ് പ്രവർത്തകരോടു നടത്തിയ ആഹ്വാനം പൊതുതിരഞ്ഞെടുപ്പു മുന്നിൽ കണ്ടുള്ള കാപട്യമാണ്. രാമക്ഷേത്ര നിർമാണത്തിന് എതിരായ നിലപാടാണ് കോൺഗ്രസ് സ്വീകരിച്ചത്. മാറാട് ഉൾപ്പെടെ മുസ്ലിം മതമൗലികവാദികളെ പിന്തുണച്ചു. പോപ്പുലർ ഫ്രണ്ടിനെ (പിഎഫ്‌ഐ) അനുകൂലിക്കുന്ന നിലപാട് സ്വീകരിച്ച എ കെ ആന്റണി, ന്യൂനപക്ഷ വർഗീയതയെ താലോലിക്കുന്നയാളാണെന്നും കെ സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.

മതഭീകരവാദം തുടച്ചു നീക്കാനുള്ള നടപടികളിലാണ് കേന്ദ്ര സർക്കാർ. പിഎഫ്‌ഐ കേന്ദ്രങ്ങളിൽ സംസ്ഥാന വ്യാപകമായി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) റെയ്ഡ് നടത്തുന്നത് ഇതിന്റെ ഭാഗമായാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.