ആരോപണത്തിന് പിന്നിൽ ഗൂഢലക്ഷ്യങ്ങൾ; നിയമപരമായി നേരിടുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: എംഎസ്എഫ് നേതാവ് അരിയിൽ ഷുക്കൂർ വധക്കേസിൽ അഭിഭാഷകൻ ഹരീന്ദ്രന്റെ ആരോപണം തള്ളി മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. ആരോപണത്തിന് പിന്നിൽ ചില ഗൂഢലക്ഷ്യങ്ങളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വാർത്താ സമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

വിചിത്രമായ ആരോപണമാണ് തനിക്കെതിരെ ഉയർത്തുന്നത്. ഇപ്പോൾ ഉയർന്നു വന്നിട്ടുള്ള ആരോപണങ്ങളെ നിയമപരമായി നേരിടും. അഭിഭാഷകനായ ടി പി ഹരീന്ദൻ പറഞ്ഞത് വാസ്തവ വിരുദ്ധമാണ്. അഭിഭാഷകനെക്കൊണ്ട് മറ്റാരോ ആണ് ഇങ്ങനെ പറയിപ്പിച്ചത്. പോലീസ് അന്വേഷണത്തിൽ ഗൂഢാലോചന പുറത്തുവരും. ഒരു സംശയവും വേണ്ട. ആരെയും ചൂണ്ടിപ്പറയുന്നില്ലെന്നും പക്ഷേ ശരിയായ പേരിലെത്തണം അന്വേഷണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഡിവൈഎസ്പി നിഷേധിച്ചതോടെ ഈ ആരോപണം ശരിയല്ലെന്ന് തെളിഞ്ഞു. താൻ ഒരുപാട് വേട്ടയാടലിന് ഇരയായ ആളാണ്. ഒരു വേട്ടയാടലിന് പിറകെയും താൻ പോയിട്ടില്ല. തിരിച്ചു ഒരു കേസും കൊടുത്തിട്ടില്ല. പക്ഷെ ഇത് താൻ വെറുതെ വിടില്ല. ഇത് ഷുക്കൂറിന്റെ കേസാണെന്നും ഇത് താൻ വെറുതെ വിടുന്ന പ്രശ്‌നമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ഷുക്കൂർ വധക്കേസിൽ സിപിഎം നേതാവ് പി ജയരാജനെ രക്ഷിക്കാൻ പി കെ കുഞ്ഞാലിക്കുട്ടി ഇടപെട്ടെന്നായിരുന്നു ടി പി ഹരീന്ദ്രൻ ആരോപിച്ചത്.