ജനുവരി പകുതിയോടെ രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ് രേഖപ്പെടുത്തിയേക്കും; 40 ദിവസം നിർണായകം

ന്യൂഡൽഹി: ജനുവരി പകുതിയോടെ രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ് രേഖപ്പെടുത്തിയേക്കുമെന്ന് മുന്നറിയിപ്പ് നൽകി കേന്ദ്ര ആരോഗ്യ മന്ത്രാലയം. വിദേശത്ത് നിന്നു രാജ്യത്തേക്ക് വരുന്നവരിൽ കോവിഡ് വർദ്ധിക്കുമെന്നാണ് മന്ത്രാലയം വ്യക്തമാക്കിയിട്ടുള്ളത്. അടുത്ത 40 ദിവസം നിർണായകമാണെന്നും മന്ത്രാലയം ഓർമ്മിപ്പിച്ചു.

വിദേശത്തു നിന്നുവന്ന 39 പേർക്കാണ് രണ്ടു ദിവസത്തിനിടെ കോവിഡ് സ്ഥിരീകരിച്ചിരുന്നത്. ഇതുകൂടി കണക്കിലെടുത്താണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. അതേസമയം, അടുത്തയാഴ്ച മുതൽ ചൈനയിൽനിന്നും മറ്റ് അഞ്ചിടങ്ങളിൽ നിന്നും വരുന്ന അന്താരാഷ്ട്ര യാത്രികർക്ക് ആർ.ടി.പി.സി.ആർ. നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, ഹോങ് കോങ്, തായ്ലൻഡ്, സിംഗപ്പുർ എന്നിവിടങ്ങളിൽനിന്നുള്ള യാത്രികർ എയർ സുവിധ ഫോം പൂരിപ്പിക്കേണ്ടതും യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂർ മുൻപ് ആർ.ടി.പി.സി.ആർ. പരിശോധനയ്ക്ക് വിധേയരാകേണ്ടതും നിർബന്ധമാക്കാൻ സാധ്യതയുണ്ടെന്നാണ് വിവരം.

കോവിഡ് പ്രതിരോധത്തിനുള്ള തയ്യാറെടുപ്പുകളുടെ സ്ഥിതി പരിശോധിക്കാൻ സംസ്ഥാനങ്ങളിൽ ചൊവ്വാഴ്ച മോക്ഡ്രിൽ നടത്തിയിരുന്നു. ഇത് വിജയകരമായി പൂർത്തിയാക്കിയതായി ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും കളക്ടർമാരുടെ മേൽനോട്ടത്തിലാണ് മോക്ക് ഡ്രിൽ നടത്തിയത്. അത്യാഹിതവിഭാഗങ്ങളിലുൾപ്പെടെ കിടക്കകൾ, ഡോക്ടർമാർ, ആരോഗ്യപ്രവർത്തകർ, ആംബുലൻസുകൾ തുടങ്ങിയവയുടെ എണ്ണം, ആർ.ടി.പി.സി.ആർ.-ആർ.എ.ടി. പരിശോധനാ കിറ്റുകൾ, പി.പി.ഇ. കിറ്റുകൾ, എൻ-95 മാസ്‌കുകൾ, മെഡിക്കൽ ഓക്‌സിജൻ ലഭ്യത, ടെലി മെഡിസിൻ സർവീസിന്റെ പ്രവർത്തനം എന്നിവ പരിശോധിച്ച് റിപ്പോർട്ട് സംസ്ഥാനങ്ങൾ കേന്ദ്രത്തിന് സമർപ്പിച്ചു.