‘പുഴ മുതല്‍ പുഴ വരെ’: രണ്ടാമതും പുന:പരിശോധന സമിതിക്ക് വിട്ട നടപടി റദ്ദാക്കി ഹൈക്കോടതി

കൊച്ചി: രാമസിംഹന്‍ (അലി അക്ബര്‍) സംവിധാനം ചെയ്ത ‘പുഴ മുതല്‍ പുഴ വരെ’ രണ്ടാമതും പുന:പരിശോധന സമിതിക്ക് വിട്ട കേന്ദ്ര ഫിലിം സെന്‍സര്‍ ബോര്‍ഡിന്റെ നടപടി റദ്ദാക്കി ഹൈക്കോടതി. സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്റെ തീരുമാനം സിനിമാറ്റോഗ്രാഫ് നിയമത്തിനും ചട്ടങ്ങള്‍ക്കും വിരുദ്ധമാണ് എന്നാണ് ഹൈക്കോടതി പറഞ്ഞത്. കേന്ദ്ര ഫിലിം സെന്‍സര്‍ ബോര്‍ഡിന്റെ നടപടിക്കെതിരെ സിനിമയുടെ സംവിധായകന്‍ രാമസിംഹനാണ് (അലി അക്ബര്‍) ഹൈക്കോടതിയെ സമീപിച്ചത്.

ആദ്യം പുന: പരിശോധന സമിതിക്ക് മുന്നില്‍ എത്തിയ പടത്തിന് ഏഴു മാറ്റങ്ങളോടെ പ്രദര്‍ശനാനുമതി ലഭിച്ചിരുന്നു. എന്നാല്‍, ഇത് അംഗീകരിക്കാതെ കേന്ദ്ര ഫിലിം സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്‍ ‘പുഴ മുതല്‍ പുഴ വരെ’ എന്ന ചിത്രം വീണ്ടും സെന്‍സറിന് അയക്കുകയായിരുന്നു. ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതിയില്‍ ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. ഇത് കോടതി അംഗീകരിക്കുകയായിരുന്നു. ഒരു പുന:പരിശോധന സമിതി പ്രദര്‍ശനാനുമതി നല്‍കിയ ചിത്രം മറ്റൊരു സമിതി പരിഗണിക്കാന്‍ നിര്‍ദേശിക്കാന്‍ കേന്ദ്ര ഫിലിം സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന് അധികാരമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

ഏറെ നാളായി റിലീസിനായി കാത്തിരിക്കുന്ന ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നില്ലെന്ന പ്രതിഷേധവുമായി അടുത്തിടെ ടി.ജി. മോഹന്‍ദാസ് രംഗത്ത് എത്തിയിരുന്നു. കേന്ദ്രവാര്‍ത്ത വിതരണ മന്ത്രി അനുരാഗ് താക്കൂര്‍ വിഷയത്തില്‍ ഇടപെടണമെന്നും മോഹന്‍ദാസ് ട്വീറ്റ് ചെയ്തിരുന്നു. 1921ലെ മലബാറിന്റെ പശ്ചാത്തലത്തില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന സിനിമ പൃഥ്വിരാജിനെ നായകനാക്കി ആഷിക് അബു പ്രഖ്യാപിച്ചതിനു പിന്നാലെയാണ് അലി അക്ബറും തന്റെ സിനിമ പ്രഖ്യാപിച്ചത്.