പി. ശ്രീരാമകൃഷ്ണന്റെ ചികിത്സക്കായി സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ചെലവഴിച്ചത് 37, 44, 199; ചട്ടം മറികടന്ന് 18 ലക്ഷം

തിരുവനന്തപുരം: സംസ്ഥാനത്തെ മുന്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെ ചികില്‍സ ചെലവിനായി സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ചെലവഴിച്ച കണക്കുവിവരങ്ങള്‍ പുറത്ത്. ചികിത്സക്കായി ചിലവഴിച്ചത് 37, 44, 199 രൂപയാണെന്നും ഇതില്‍ 18 ലക്ഷം രൂപ മെഡിക്കല്‍ അഡ്വാന്‍സ് അനുവദിച്ചത് ചട്ടങ്ങള്‍ മറികടന്നാണ് അനുവദിച്ചതെന്നും കെപിസിസി സെക്രട്ടറി സി.ആര്‍ പ്രാണകുമാറിന് നിയമസഭ സെക്രട്ടേറിയേറ്റില്‍ നിന്ന് ലഭിച്ച വിവരവകാശ മറുപടിയില്‍ വ്യക്തമായി.

അതേസമയം, 2016 മേയ് മുതല്‍ 2021 മേയ് വരെ അദ്ദേഹത്തിന്റെ ചികില്‍സ ചെലവിനായി നല്‍കിയത് 15, 68, 313 രൂപയാണ്. 2021 മേയ് മാസത്തിനു ശേഷം മുന്‍ എംഎല്‍എ എന്ന നിലയില്‍ ഏഴു തവണയായി 21,75, 886 രൂപ പി. ശ്രീരാമകൃഷ്ണനു ചികിത്സ ചെലവ് അനുവദിച്ചു. 2021 ഒക്ടോബര്‍ 27 ലെ മന്ത്രിസഭ യോഗത്തില്‍ വച്ചാണ് ചട്ടങ്ങളില്‍ ഇളവ് വരുത്തി പി. ശ്രീരാമകൃഷ്ണന് 18 ലക്ഷം രൂപ മെഡിക്കല്‍ അഡ്വാന്‍സായി ചികില്‍സ ചെലവ് നല്‍കാന്‍ തീരുമാനമായത്. മുന്‍ എംഎല്‍എ മാര്‍ക്ക് സൗജന്യ ചികില്‍സക്ക് അര്‍ഹതയുള്ളതും ഡോക്ടര്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ ആ ജില്ലയിലെ ഗവണ്‍മെന്റ് ആശുപത്രിയിലോ, ഗവണ്‍മെന്റ് ആശുപത്രി ഇല്ലെങ്കില്‍ മാത്രം അതേ ജില്ലയിലെ സര്‍ക്കാരിതര ആശുപത്രികളിലോ ചികില്‍സ തേടാം. ചികില്‍സക്ക് ചെലവായ തുക സര്‍ക്കാര്‍ അനുവദിക്കും. എന്നാല്‍, എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ അടിയന്തര ന്യൂറോ സര്‍ജറി നടത്തുന്നതിനാണ് 18 ലക്ഷം മെഡിക്കല്‍ അഡ്വാന്‍സ് അനുവദിച്ചത്.

അസുഖത്തിന് വിദേശ രാജ്യത്ത് പോയി ചികില്‍സ തേടാനുള്ള ഒരുക്കത്തിലാണ് പി. ശ്രീരാമകൃഷ്ണന്‍. ദുബായിലെ ആശുപത്രിയില്‍ ചികില്‍സ നടത്താനും ചികില്‍സ ചെലവു ലഭിക്കാനും പ്രത്യേക അനുവാദം നല്‍കണമെന്നാവശ്യപെട്ട് പി. ശ്രീരാമകൃഷ്ണന്‍ സര്‍ക്കാരിന് അപേക്ഷ നല്‍കിയിട്ടുണ്ട്.