അനധികൃത സ്വത്ത് സമ്പാദന ആരോപണം; വൈദീകം റിസോർട്ട് കമ്പനിയിലെ ഏറ്റവും വലിയ ഓഹരിയുടമ ജയരാജന്റെ ഭാര്യ

കണ്ണൂർ: എൽഡിഎഫ് കൺവീനർ ഇ പി ജയരാജനെതിരായ അനധികൃത സ്വത്ത് സമ്പാദന ആരോപണത്തിൽ നിർണായക രേഖകൾ പുറത്ത്. ഇ പി ജയരാജന്റെ ഭാര്യ ഇന്ദിരയാണ് വൈദീകം റിസോർട്ട് കമ്പനിയിലെ ഏറ്റവും വലിയ ഓഹരിയുടമയെന്ന് വ്യക്തമാക്കുന്ന രേഖകൾ പുറത്തുവന്നു. 82 ലക്ഷം രൂപ മൂല്യമുള്ള 12.33 ശതമാനം ഓഹരികൾ പി കെ ഇന്ദിരയ്ക്ക് ഉണ്ടെന്നാണ് രേഖകളിൽ നിന്നും മനസിലാക്കാൻ കഴിയുന്നത്.

2021 ഡിസംബർ 17നാണ് ഇന്ദിര ചെയർപഴ്സനായത്. മകൻ ജെയ്സനായിരുന്നു ഇതിനു മുൻപ് ചെയർമാൻ. 10 ലക്ഷം രൂപയാണ് ജെയ്സന്റെ ഓഹരിമൂല്യം. കണ്ണൂരിലെ ആയുർവേദ റിസോർട്ടിന്റെ മറവിൽ ഇ പി ജയരാജൻ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നായിരുന്നു സിപിഎം മുൻ കണ്ണൂർ ജില്ലാസെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായ പി ജയരാജന്റെ ആരോപിച്ചത്.. സംസ്ഥാന കമ്മിറ്റി ചർച്ച ചെയ്ത തെറ്റുതിരുത്തൽ രേഖയുടെ ചർച്ചയിലാണ് അദ്ദേഹം ഇതുസംബന്ധിച്ച ആരോപണം ഉയർത്തിയത്.

കണ്ണൂർ ആയുർവേദിക് മെഡിക്കൽ കെയർ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി നിലവിൽ വന്നത് 2014 ഡിസംബർ ഒൻപതിനാണ്. മൂന്നുകോടിയായിരുന്നു അന്നത്തെ മൂലധനം. നിലവിൽ 10 കോടിയാണ് ഷെയർ കാപ്പിറ്റൽ. 6.65 കോടിയാണ് പെയ്ഡ് അപ്പ് കാപ്പിറ്റൽ. 13 ഡയറക്ടർമാരാണ് കമ്പനിക്കുള്ളത്. ഇ പി ജയരാജന്റെ മകൻ പി കെ ജയ്‌സൺ, സി.കെ. ഷാജി, ഫിഡ രമേഷ്, കെ.പി. രമേഷ്‌കുമാർ, നജീബ് കാദിരി, പി. മുഹമ്മദ് അഷ്റഫ്, പട്ടത്ത് രാജേഷ്, സുഭാഷിണി, സുധാകരൻ മാവേലി, സുജാതൻ സരസ്വതി, ചൈതന്യാ ഗണേശ് കുമാർ എന്നിവരാണ് ഡയറക്ടർ ബോർഡിലുള്ളത്.