ബെയ്ജിങ്: കോവിഡ് നിയന്ത്രണങ്ങൾ പിൻവലിക്കാൻ ചൈന. മൂന്നു വർഷത്തിനു ശേഷമാണ് ചൈന കോവിഡ് നിയന്ത്രണങ്ങൾ പിൻവലിക്കാനൊരുങ്ങുന്നത്. വിദേശത്തു നിന്ന് എത്തുന്നവർക്ക് ഏർപ്പെടുത്തിയിരുന്ന ക്വാറന്റെയ്ൻ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ പിൻവലിക്കുമെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ജോലിക്കും പഠനത്തിനും കുടുംബാംഗങ്ങളെ സന്ദർശിക്കുന്നതിനുമായി എത്തുന്നവർക്കുവേണ്ടി ചൈന അതിർത്തികൾ തുറക്കുമെന്നും ചൈനീസ് പൗരന്മാരെ വിദേശയാത്ര നടത്താനും അനുവദിക്കുമെന്നാണ് മാദ്ധ്യമ റിപ്പോർട്ടുകൾ. ജനുവരി എട്ടു മുതലായിരിക്കും നിയന്ത്രണങ്ങൾ ഒഴിവാക്കുക. ചൈനയിൽ വീണ്ടും കോവിഡ് വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ ഒഴിവാക്കുന്നത്. കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് ആശുപത്രികൾ നിറഞ്ഞുവെന്നും പ്രായംചെന്ന നിരവധിപേർ മരിക്കുന്നുവെന്നുമാണ് ചൈനയിൽനിന്ന് പുറത്തുവരുന്ന വിവരം.
ചൈനയുടെ സീറോ കോവിഡ് നയം ജനത്തിന് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കിയിരുന്നത്. നിയന്ത്രണങ്ങൾ സമ്പദ് വ്യവസ്ഥയേയും മോശമായി ബാധിച്ചു. ജനങ്ങൾ കോവിഡ് നിയന്ത്രണങ്ങൾക്കെതിരെ പ്രതിഷേധം നടത്തുകയും ചെയ്തിരുന്നു. ചൈനയിലേക്ക് പ്രതിദിനം എത്തുന്ന വിമാനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണവും ഒഴിവാക്കിയേക്കുമെന്നാണ് സൂചനകൾ.

