മലപ്പുറം: എൽഡിഎഫ് കൺവീനർ ഇ പി ജയരാജനെതിരായ അനധികൃത സ്വത്ത് സമ്പാദന ആരോപണത്തെച്ചൊല്ലി മുസ്ലിം ലീഗിനുള്ളിൽ അഭിപ്രായ ഭിന്നത. ജയരാജൻ വിവാദം സിപിഎമ്മിന്റെ ആഭ്യന്തര കാര്യമല്ലെന്ന് കെ എൻ എ ഖാദറും കെ എം ഷാജിയും വ്യക്തമാക്കി. വിഷയം സിപിഎമ്മിന്റെ ആഭ്യന്തര വിഷയമാണെന്നാണ് നേരത്തെ പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കിയിരുന്നത്. ഇതിനെ തള്ളിയാണ് കെ എം ഷാജിയും കെ എൻ എ ഖാദറും രംഗത്തെത്തിയിട്ടുള്ളത്.
കുഞ്ഞാലിക്കുട്ടിയുടെ അഭിപ്രായത്തെ തള്ളിയുള്ള കെപിഎ മജീദിന്റെ പ്രതികരണത്തിനു പിന്നാലെയാണ് എം. ഷാജിയും യൂത്ത് ലീഗും രംഗത്തെത്തിയത്. ജയരാജനെതിരെയുള്ള ആരോപണത്തിനു പിന്നിൽ പിണറായി വിജയനാണെന്ന് കെ എം ഷാജി പറഞ്ഞു. ഇത്, പുതിയ വിഷയമല്ല. കുന്നിടിക്കൽ നാടറിഞ്ഞിട്ട് എത്രയോ വർഷമായി. കോടിക്കണക്കിന് രൂപ നിക്ഷേപിച്ച ചെയ്ത പദ്ധതിയാണ്. അതിന് എല്ലാ അനുമതിയും കൊടുത്തത് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ ഭാര്യയാണ്. ഇ പിയുടെ ചിറകരിയാൻ പിണറായി വിജയൻ മൂലക്കിരുത്തിയ പി ജയരാജനെ കൊണ്ടുവന്നിരിക്കയാണിപ്പോൾ. എന്നിട്ട് പി ജയരാജൻ പുതിയ കണ്ടുപിടിത്തം പോലെ പഴയ പരാതി പുതിയതാക്കി കൊണ്ടുവന്ന് കൊടുത്തിരിക്കുകയാണ്. പിണറായി വിജയന് പറ്റാതായാൽ ഇതാണ് എല്ലാവരുടേയും സ്ഥിതിയെന്നും അത് പിണറായിയുടെ ശൈലിയാണെന്നും അദ്ദേഹം വിമർശിച്ചു.
ജയരാജൻ വിവാദം സിപിഎമ്മിന്റെ ആഭ്യന്തര കാര്യമാണെന്നായിരുന്നു കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നത്്. അതിൽ ലീഗിന് ഇടപെടേണ്ടതില്ലെന്നും കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടിരുന്നു. ലീഗ്, സിപിഎം സൗഹൃദമാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം മയപ്പെടുത്തിയതിനു പിന്നിലെന്ന വിമർശനം ശക്തമായിരുന്നു.

