തിരുവനന്തപുരം: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ തുലാഭാരമണ്ഡപത്തില്‍ ദര്ശനത്തിനെത്തിയവരില് ചിലര്‍ മെഴുകുതിരി കത്തിച്ചതായി പരാതി. ക്ഷേത്രത്തിലെ സുരക്ഷാ വീഴ്ച അന്വേഷിക്കാന്‍ ക്ഷേത്ര എക്സിക്യൂട്ടീവ് ഓഫീസര്‍ നിര്‍ദ്ദേശം നല്കി.
വിജയവാഡ സ്വദേശിയായ രാമചന്ദ്രമൂര്‍ത്തി എന്നയാളാണ് കഴിഞ്ഞ ദിവസത്തെ പൂജകള്‍ ബുക്ക് ചെയ്തിരുന്നത്. ഈ സംഘത്തില്‍പ്പെട്ടവരാണ് ചെരാതിന്റെ മാതൃകയിലുള്ള മെഴുകുതിരി കത്തിച്ചതെന്നാണ് സംശയം. ക്ഷേത്ര തന്ത്രിമഠത്തില്‍ നിന്ന് അകത്തേക്ക് കൊണ്ടുവരുന്ന പൂജാദ്രവ്യങ്ങള്വരെ പരിശോധിക്കുന്ന ക്ഷേത്രത്തില്‍ അജ്ഞാതര്‍ മെഴുകുതിരി തെളിച്ചത് കനത്ത സുരക്ഷാവീഴ്ചയാണെന്ന് വിവിധ ഭക്തസംഘടനകള്‍ അഭിപ്രായപ്പെട്ടു.
അതേസമയം, ഭക്തരെ കര്‍ശന പരിശോധനകള്‍ക്ക് ശേഷം മാത്രമാണ് ക്ഷേത്രത്തിനുള്ളിലേക്ക് പ്രവേശിപ്പിക്കാറ്. ഇത് മറികടന്ന് ക്ഷേത്രപൂജാവസ്തുക്കള്ക്കൊപ്പം മെഴുകുതിരി എങ്ങനെ ക്ഷേത്രത്തിനുള്ളില്‍ കൊണ്ടുപോയെന്നത് ദുരൂഹമാണ്. ഇതില്‍ പ്രതിഷേധവും ഉയര്‍ന്നിട്ടുണ്ട്.

