ന്യൂയോർക്ക്: അമേരിക്കയിൽ അതിശൈത്യം. 38 പേരാണ് ഇതുവരെ അതിശൈത്യത്തെ തുടർന്ന് മരിച്ചത്. രണ്ടരലക്ഷം വീടുകളിലെ വൈദ്യുതി ഇനിയും പുനഃസ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല. റെയിൽ, റോഡ്, വ്യോമ ഗതാഗതം തകരാറിലായി. സമാനതകളില്ലാത്ത കാലാവസ്ഥാ പ്രതിസന്ധിയിലൂടെയാണ് അമേരിക്കയും കാനഡയും കടന്നു പോകുന്നത്.
ചരിത്രത്തിലെ ഏറ്റവും കടുത്ത ശൈത്യമാണ് നിലവിൽ അമേരിക്കയിൽ അനുഭവപ്പെടുന്നത്. പലസ്ഥലങ്ങളിലും വൈദ്യുതി വിതരണം താറുമാറായി. അമേരിക്കയിലും കാനഡയിലുമായി 15 ലക്ഷത്തോളം വീടുകളിൽ വൈദ്യുതി തടസ്സപ്പെട്ടു. മഞ്ഞുവീഴ്ച്ചയെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കുകയും ചെയ്തിരുന്നു. അമേരിക്കൻ എയർലൈൻസ്, ഡെൽറ്റ, യുണൈറ്റഡ് എയർലൈൻസ് തുടങ്ങി പ്രധാന വിമാന കമ്പനികളുടെ എല്ലാം ഭൂരിഭാഗം സർവ്വീസുകളും റദ്ദാക്കിയിട്ടുണ്ട്.
അതേസമയം, അമേരിക്കയിൽ ബോബ് ചുഴലി മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് കാലാവസ്ഥാ വിദഗ്ധർ. പ്രളയത്തിനോ ശക്തമായ മഞ്ഞുവീഴ്ചയ്ക്കോ ഇടയാക്കിയേക്കാവുന്ന ബോംബ് ചുഴലി മുന്നറിയിപ്പാണ് നൽകിയിട്ടുള്ളത്. അന്തരീക്ഷ മർദ്ദം പൊടുന്നനെ താഴ്ന്ന് കൊടുങ്കാറ്റിന് സമാനമായ സാഹചര്യം രൂപപ്പെടുന്നതാണ് ബോംബ് ചുഴലി. ഇതിന്റെ ഫലമായി, ഇടിമിന്നലോട് കൂടിയ കൊടുങ്കാറ്റോ, അതിശക്തമായ മഞ്ഞു വീഴ്ചയോ പ്രളയമോ ഉണ്ടാകാനിടയുണ്ട്. ദുരന്ത സാധ്യത കണക്കിലെടുത്ത് യാത്രകൾ റദ്ദാക്കണമെന്നാണ് ജനങ്ങൾക്ക് പ്രസിഡന്റ് ജോ ബൈഡൻ നൽകിയിരിക്കുന്ന നിർദ്ദേശം.

