വായ്പ തട്ടിപ്പ് കേസ്; വീഡിയോകോൺ ഗ്രൂപ്പ് ചെയർമാൻ വേണുഗോപാൽ ദൂത് അറസ്റ്റിൽ

ന്യൂഡൽഹി: വീഡിയോകോൺ ഗ്രൂപ്പ് ചെയർമാൻ വേണുഗോപാൽ ദൂത് അറസ്റ്റിൽ. ഐസിഐസിഐ വായ്പ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. സിബിഐ ആണ് വേണുഗോപാലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഐസിഐസിഐ മുൻ സിഇഒ ചന്ദ കൊച്ചാറും ഭർത്താവ് ദീപക് കൊച്ചാറും അറസ്റ്റിലായതിന് പിന്നാലെയാണ് വേണുഗോപാലും അറസ്റ്റിലായത്.

ചന്ദ കൊച്ചാറും ഭർത്താവും ഐസിഐസിഐ ബാങ്കിന്റെ തലപ്പത്തിരിക്കുമ്പോൾ വീഡിയോകോൺ ഗ്രൂപ്പിന് 3000 കോടി രൂപ വ്യാപ നൽകിയിരുന്നു. ഈ ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.

ഇവരെ ചോദ്യം ചെയ്യുന്നതിനിടെയാണ് വേണുഗോപാലിന്റെ അറസ്റ്റ്. വായ്പാ ക്രമക്കേട് ആരോപണത്തെ തുടർന്ന് 2018-ഒക്ടോബർ മാസം ചന്ദ കൊച്ചാറിനെ ഐസിഐസിഐ ബാങ്കിന്റെ സി.ഇ.ഒ സ്ഥാനത്ത് നിന്നും മാനേജിങ് ഡയറക്ടർ പദവയിൽ നിന്നും പുറത്താക്കിയിരുന്നു. 2009ലും 2011ലുമാണ് വേണുഗോപാൽ ദൂതിന് ചന്ദ കൊച്ചാർ വായ്പാ അനുവദിച്ചത്.