ശ്രീനഗർ: ജമ്മു കശ്മീർ അതിർത്തിയിൽ നിന്നും വൻ ആയുധശേഖരം കണ്ടെത്തി. ബാരാമുള്ള ജില്ലയിലെ ഉറി സെക്ടറിൽ നിന്നാണ് ആയുധങ്ങൾ പിടിച്ചെടുത്തതെന്ന് സുരക്ഷാ സേന അറിയിച്ചു. അതിർത്തിയിൽ നിരീക്ഷണവും ജാഗ്രതയും ശക്തമാക്കിയതായി അധികൃതർ വ്യക്തമാക്കി.
എട്ട് എകെ74യു തോക്കുകൾ, 12 ചൈന നിർമ്മിത പിസ്റ്റളുകൾ, പാക്കിസ്ഥാനിലും ചൈനയിലും നിർമ്മിച്ച ഗ്രേനേഡുകൾ, വെടിയുണ്ടകൾ തുടങ്ങിയവയാണ് കണ്ടെടുത്തതെന്ന് സുരക്ഷാ സേന പറഞ്ഞു. ജമ്മു കശ്മീർ പോലീസും സൈന്യവും ചേർന്നാണ് മേഖലയിൽ തെരച്ചിൽ നടത്തിയത്. പ്രദേശത്ത് ഭീകര സാന്നിദ്ധ്യമുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
ജമ്മു മേഖലയിലെ അതിർത്തി ജില്ലയായ പൂഞ്ചിലെ തീവ്രവാദ കേന്ദ്രത്തിൽ നേരത്തെ സുരക്ഷാ സേന നടത്തിയ റെയ്ഡിൽ വൻ ആയുധശേഖരവും സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തിരുന്നു. 2 എകെ 47 റൈഫിളുകളും 69 റൗണ്ട് തിരകളും, പിസ്റ്റൾ, അഞ്ച് ഗ്രെനേഡുകൾ എന്നിവയാണ് അന്ന് കണ്ടെടുത്തത്.

