പെണ്‍കുട്ടികള്‍ക്കായി ഹ്രസ്വകാല സെല്‍ഫ് ഡിഫന്‍സ് കോഴ്‌സുകള്‍ ആരംഭിക്കും: ബസവരാജ് ബൊമ്മൈ

പെണ്‍കുട്ടികള്‍ക്കായി ഹ്രസ്വകാല സെല്‍ഫ് ഡിഫന്‍സ് കോഴ്‌സുകള്‍ ആരംഭിക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അറിയിച്ചു. അടുത്ത വിദ്യാഭ്യാസ വര്‍ഷം മുതലാണ് പെണ്‍കുട്ടികള്‍ക്കായി യോഗയും സെല്‍ഫ് ഡിഫന്‍സ് കോഴ്‌സുകളും ആരംഭിക്കുന്നത്. ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘സ്വയരക്ഷ എല്ലാ പൗരന്മാര്‍ക്കും അനിവാര്യമാണ്. പെണ്‍കുട്ടികള്‍ക്ക് കരാട്ടെ ട്രെയിനിങ്ങ് ഉള്‍പ്പെടെ നല്‍കുന്നതിനായുള്ള പല നടപടികളും സ്വീകരിച്ചു. വിദ്യാര്‍ത്ഥിനികള്‍ക്കും ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കുമൊക്കെ സ്വയരക്ഷാ കോഴ്‌സുകള്‍ പഠിപ്പിക്കുന്നത് അവര്‍ക്കും സമൂഹത്തിനും വളരെ നല്ലതാണ്. 700 കോടി രൂപ ചെലവഴിച്ച് നിര്‍ഭയ പദ്ധതിക്ക് കീഴില്‍ ഈ പരിശീലനം നല്‍കും’- ബസവരാജ് ബൊമ്മൈ വ്യക്തമാക്കി.