ദുബായ്: സ്വദേശിവല്‍ക്കരണം നടപ്പാക്കാത്ത സ്വകാര്യ സ്ഥാപനങ്ങളെ കണ്ടുപിടിക്കാന്‍ ഓണ്‍ലൈന്‍ സംവിധാനവുമായി യുഎഇ. വ്യാജരേഖകള്‍ വഴി നിര്‍ദിഷ്ട സ്വദേശി നിയമനത്തില്‍ തിരിമറി നടത്തുകയോ നാമമാത്ര നിയമനം കൊണ്ട് അധികൃതരെ കബളിപ്പിക്കുകയോ ചെയ്താല്‍ കമ്പനി ഫയല്‍ പ്രോസിക്യൂഷനു കൈമാറുമെന്നാണ് മന്ത്രാലയ അധികൃതരുടെ അറിയിപ്പ്. ജനുവരി 10നു ശേഷം പരിശോധന തുടങ്ങും. നിയമമനുസരിച്ച് 50 തൊഴിലാളികള്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളില്‍ രണ്ട് ശതമാനം സ്വദേശികളായിരിക്കണം. ഈ വര്‍ഷം അവസാനിക്കുന്നതിനു മുന്‍പ് മികച്ച തസ്തികയില്‍ അവരുടെ നിയമനം പൂര്‍ത്തിയാക്കിയിരിക്കണം.
അതേസമയം, സ്വദേശിവല്‍ക്കരണം യാഥാര്‍ഥ്യമാക്കിയ കമ്പനികള്‍ക്ക് ഓരോ സ്വദേശിയുടെ നിയമനത്തിനും സഹായമായി 6000 ദിര്‍ഹം നാഫിസ് വഴി ലഭിക്കും. ജോലി നല്‍കാതെ പേരിനു മാത്രം നിയമന ഫയല്‍ രൂപപ്പെടുത്തുന്നതു കടുത്ത നിയമ ലംഘനമാണെന്നും അധികൃതര്‍ വ്യക്തമാക്കി. സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക് വേതനം നല്കുന്ന വേതന സുരക്ഷാ പദ്ധതി (ഡബ്ല്യുപിഎസ്) വഴിയായിരിക്കണം സ്വദേശികള്‍ക്കും വേതനം നല്‍കേണ്ടത്. രാജ്യത്തെ ഏതെങ്കിലും ഒരു പെന്ഷന് പദ്ധതിയില്‍ റജിസ്റ്റര്‍ ചെയ്യണമെന്നും സ്വദേശികള്‍ക്ക് മന്ത്രാലയം നിര്‍ദേശം നല്കി.
ഇതോടെ ജോലിക്ക് ആളെ തേടുകയാണ് കമ്പനി ഉടമകള്‍. ജോലി നല്കാന് തയാറാണെങ്കിലും സ്വദേശികളെ ലഭിക്കുന്നില്ലെന്നാണ് പരാതി. വിവിധ മാധ്യമങ്ങളിലൂടെ പരസ്യം നല്‍കിയെങ്കിലും ഒരാളുടെ പോലും അപേക്ഷ ലഭിച്ചില്ലെന്നു പരാതിപ്പെടുകയാണ് ഭൂരിപക്ഷം കമ്പനി ഉടമകളും. ആളെ കിട്ടാത്തതിന്റെ പേരില്‍ നിയമനം നടത്താതിരുന്നാലും വന്‍തുക പിഴയായി അടക്കേണ്ടി വരും.

