തിരുവനന്തപുരം: ഐജി അനൂപ് ജോൺ കുരുവിളയ്ക്ക് രഹസ്യാന്വേഷണ വിഭാഗമായ റോയിൽ നിയമനം. റോ ഡയറക്ടറായാണ് അദ്ദേഹത്തിന് നിയമനം ലഭിച്ചത്. നിലവിൽ പൊലീസ് ആസ്ഥാന ഐജിയാണ് അനൂപ് ജോൺ കുരുവിള. റോ മേധാവിയായി ഹോർമിസ് തരകൻ പോയതിന് ശേഷം റോയിൽ ഒരു മലയാളി ഓഫീസർക്ക് ലഭിക്കുന്ന സുപ്രധാന തസ്തികയാണിത്.
അതേസമയം, തിരുവനന്തപുരം, കൊച്ചി കമ്മീഷണർമാർക്കും ഐജിമാർക്കും മാറ്റം വരുത്തുകയും ചെയ്തു. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ സ്പർജൻ കുമാറിനെ ദക്ഷിണ മേഖല ഐജിയായി നിയമിച്ചു. ദക്ഷിണ മേഖല ഐജിയായിരുന്ന പി പ്രകാശിനെ ഇൻറലിജൻസിലേക്ക് മാറ്റിയിട്ടുണ്ട്. സി എച്ച് നാഗരാജലുവാണ് പുതിയ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ. കൊച്ചി സിറ്റി പൊലീസ് കമ്മീഷണറായിരുന്നു അദ്ദേഹം. കെ സേതുരാമനാണ് പുതിയ കൊച്ചി കമ്മീഷണർ.പുതിയ കോഴിക്കോട് കമ്മീഷണറായി രാജ് പാൽമീണയെ നിയമിച്ചു. കെ ഇ ബൈജു കോഴിക്കോട് ഡിസിപിയാകും. ക്രൈം ബ്രാഞ്ച് ഐജിയായിരുന്ന ഹർഷിത അത്തല്ലൂരിയ്ക്ക് വിജിലൻസിൽ നിയമനം നൽകി.
ഐജിയായി സ്ഥാനകയറ്റം ലഭിച്ച നീരജ് കുമാർ ഗുപ്തയ്ക്കാണ് ദക്ഷിണ മേഖല ഐജിയായി നിയമനം നൽകിയത്. ഐജിയായി സ്ഥാനകയറ്റം ലഭിച്ച അക്ബറിനെ ട്രാഫിക് ഐജിയായി നിയമിച്ചു, ഹേമലതയാണ് പുതിയ കണ്ണൂർ റൂറൽഎസ്പി. അഞ്ച് ഐജിമാർക്ക് എഡിജിപിമാരായും സ്ഥാനകയറ്റം ലഭിച്ചു. എച്ച് വെങ്കിടേഷിനെ ആംഡ് പൊലിസ് ബറ്റാലിയൻ എഡിജിപിയായി നിയമിച്ചു. ഗോപേഷ് അഗർവാളിന് പൊലീസ് അക്കാദമിയിലും ടി വിക്രമിന് സൈബർ സുരക്ഷ എഡിജിപിയായും നിയമനം നൽകി. സ്ഥാനകയറ്റം ലഭിച്ച മറ്റ് ഉദ്യോഗസ്ഥർ കേന്ദ്ര ഡെപ്യൂട്ടേഷനിലാണ്.

