സിറോ മലബാർ സഭയിൽ കുർബാന തർക്കം രൂക്ഷമാകുന്നു; എറണാകുളം ബസലിക്ക പള്ളിയില്‍ ഒരേ സമയം രണ്ട് തരം കുർബാന

കൊച്ചി: സിറോ മലബാർ സഭയിൽ കുർബാന തർക്കം രൂക്ഷമാകുന്നു. എറണാകുളം സെന്റ് മേരീസ് ബസലിക്ക പള്ളിയിൽ ഒരേസമയം രണ്ട് തരം കുർബാന നടന്നത് തർക്കം അസാധാരണ തലത്തിലേക്ക് നീങ്ങുന്നുവെന്നതിന് ആക്കം കൂട്ടുകയാണ്. പള്ളിയിൽ പുതിയ അഡ്മിനിസ്‌ട്രേറ്റർ ഏകീകൃത കുർബാന അർപ്പിച്ചു.

എന്നാൽ, ഈ സമയം വിമത വിഭാഗം ജനാഭിമുഖ കുർബാന നടത്തി. ഏഴ് വൈദികർ ജനാഭിമുഖ കുർബാനയും ഒരു വൈദികൻ ഏകീകൃത കുർബാനയും അർപ്പിച്ചുവെന്ന് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഏകീകൃത കുർബാന അർപ്പിക്കുന്നത് അഡ്മിനിസ്ട്രേറ്റർ ആന്റണി പൂതവേലിൽ ആണ്. അതേസമയം, പള്ളിക്കുള്ളിൽ കനത്ത പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. സംഘർഷാവസ്ഥയെ തുടർന്നാണ് പള്ളിക്കകത്ത് കനത്ത പോലീസ് കാവൽ ഏർപ്പെടുത്തിയത്. പ്രതിഷേധം തുടരുന്നവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നാണ് ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത് വ്യക്തമാക്കുന്നത്.