പൊതുമുതല്‍ നശിപ്പിച്ച കേസ്: പിഎഫ്‌ഐ നേതാക്കളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ വൈകിയതില്‍ നിരുപാധികം ക്ഷമ ചോദിച്ച് സര്‍ക്കാര്‍

കൊച്ചി: സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനിടെ പൊതുമുതല്‍ നശിപ്പിച്ച കേസില്‍ സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള ഹൈക്കോടതി ഉത്തരവ് പാലിക്കാത്തതില്‍ സര്‍ക്കാര്‍ നിരുപാധികം ക്ഷമ ചോദിച്ചു. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വി വേണു കേസില്‍ നേരിട്ട് കോടതിയില്‍ ഹാജരായി.

ജനുവരി 15-നകം സ്വത്ത് കണ്ടുകെട്ടാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കുമെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി രേഖാമൂലം ഉറപ്പ് നല്‍കി. സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലം ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. പൊതുമുതല്‍ നശിപ്പിച്ച സംഭവം ഗൗരവമുള്ളതാണെന്നായിരുന്നു ഹൈക്കോടതിയുടെ വിലയിരുത്തല്‍. പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടു്‌നനതിലെ നടപടികള്‍ വൈകുന്നതില്‍ ഹൈക്കോടതി കഴിഞ്ഞ ദിവസം അതൃപ്തി രേഖപ്പെടുത്തിയിരുന്നു.

അതേസമയം, കേസില്‍ പ്രതിയായ പോപ്പുലര്‍ ഫ്രണ്ട് മുന്‍ സംസ്ഥാന സെക്രട്ടറി അബ്ദുള്‍ സത്താറിനെ ഇനി മുതല്‍ വീഡിയോ കോണ്‍ഫറന്‍സിങ് വഴി കോടതിയില്‍ ഹാജരാക്കും. ഇയാള്‍ക്കെതിരെ വിവിധ സ്റ്റേഷനുകളിലായി 140ലധികം കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്