ഭാരത് ജോഡോ യാത്രയിൽ കോവിഡ് മാർഗനിർദ്ദേശങ്ങൾ പാലിക്കണം; നിർദ്ദേശവുമായി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ കോവിഡ് മാർഗനിർദ്ദേശങ്ങൾ പാലിക്കണമെന്ന് നിർദ്ദേശം നൽകി കേന്ദ്രം. ഭാരത് ജോഡോ യാത്ര ഡൽഹിയിൽ എത്തിയപ്പോഴാണ് കേന്ദ്ര സർക്കാർ ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്.

അതേസമയം, മാസ്‌ക് നിർബന്ധമാക്കുകയാണെങ്കിൽ അനുസരിക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു. രാജ്യത്തെ സാഹചര്യത്തെ അട്ടിമറിക്കാനില്ലെന്നും ജോഡോ യാത്രയിലുള്ള എല്ലാവരും നാളെ മുതൽ മാസ്‌ക് ധരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. യാത്രയിൽ കുറച്ച് പേർ ഇന്ന് മാസ്‌ക് ധരിച്ചിട്ടുണ്ട്. ആരോഗ്യ മന്ത്രി നോട്ടീസ് നൽകുമെന്ന് മുൻകൂട്ടി അറിഞ്ഞില്ല. എല്ലാവരുടെയും കൈയിൽ മാസ്‌ക് ഇല്ലായിരുന്നു. സാമൂഹിക അകലം പാലിക്കണമെങ്കിൽ അങ്ങനെയും ചെയ്യാമെന്നും അദ്ദേഹം അറിയിച്ചു.

യാത്രയുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന വിവാദം അനാവശ്യമാണ്. കേന്ദ്ര സർക്കാരിന്റെ വീഴ്ചകൾ മറയ്ക്കാൻ കോവിഡിനെ കൂട്ടുപിടിക്കുകയാണ്. കോവിഡുമായി ബന്ധപ്പെട്ട് ഒരു മാർഗനിർദ്ദേശമോ, പെരുമാറ്റചട്ടമോ നിലവിൽ ഇല്ല. എന്തുകൊണ്ട് ചൈനയിൽ നിന്നുള്ള വിമാന സർവീസുകൾ നിർത്തുന്നില്ലെന്ന ചോദ്യവും അദ്ദേഹം ഉന്നയിച്ചു. കഴിഞ്ഞ രണ്ട് ദിവസമായി നടക്കുന്നത് നാടകമാണെന്നും ഭാരത് ജോഡോ യാത്രയെ ദില്ലിയിൽ കയറ്റാതിരിക്കാനുള്ള അടവാണിതെന്നും ജയ്‌റാം രമേശ് ആരോപിച്ചു.

ഭാരത് ജോഡോ യാത്ര നിർത്തിവയ്ക്കാൻ ആസൂത്രിത നീക്കം നടക്കുന്നുവെന്ന വിമർശനവുമായി രാഹുൽ ഗാന്ധിയും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. കോവിഡ് വീണ്ടും വരുന്നുവെന്ന പ്രചാരണം അഴിച്ചുവിടുകയാണെന്നും ഭാരത് ജോഡോ യാത്ര പലരേയും വിറളി പിടിപ്പിക്കുന്നുവെന്നുമായിരുന്നു രാഹുൽ ഗാന്ധിയുടെ ആരോപണം.