കോവിഡ് പ്രതിരോധത്തിൽ മറ്റൊരു നാഴികക്കല്ല് പിന്നിട്ട് ഇന്ത്യ; മൂക്കിലൊഴിക്കാവുന്ന വാക്സിൻ ഇന്ന് മുതൽ ആശുപത്രികളിൽ ലഭ്യമാകും

ന്യൂഡൽഹി: കോവിഡ് പ്രതിരോധത്തിൽ മറ്റൊരു നാഴികക്കല്ല് കൂടി പിന്നിട്ട് ഇന്ത്യ. കൊവാക്‌സിൻ നിർമ്മാതാക്കളായ ഭാരത് ബയോടെക്കിന്റെ മൂക്കിലൊഴിക്കാവുന്ന കോവിഡ് വാക്‌സിൻ ഇന്ന് മുതൽ രാജ്യത്തെ ആശുപത്രികളിൽ ലഭ്യമാകും. ചൈനയിൽ കണ്ടെത്തിയ കോവിഡിന്റെ പുതിയ വകഭേദം ഇന്ത്യയിലും സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് കരുതൽ ഡോസായി നേസൽ വാക്‌സിൻ നൽകുന്നത്.

ചൊവ്വാഴ്ച മുതൽ രാജ്യത്തെ ആശുപത്രികളിൽ മോക്ക് ഡ്രില്ലുകൾ നടത്തുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. കൊവിഷീൽഡ്, കൊവാക്‌സിൻ എന്നിവ സ്വീകരിച്ചവർക്ക് ബൂസ്റ്ററായി നേസൽ വാക്‌സിൻ സ്വീകരിക്കാം. നേരത്തെ കേന്ദ്ര സർക്കാർ നേസൽ വാക്‌സിന് അംഗീകാരം നൽകിയിരുന്നു. നേസൽ വാക്‌സിൻ സംബന്ധിച്ച വിവരങ്ങൾ കൊവിൻ ആപ്പിലും ലഭ്യമാകും. രാജ്യത്തെ സ്വകാര്യ ആശുപത്രികളിലും നേസൽ വാക്‌സിൻ ലഭ്യമാകുമെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

അതേസമയം, കോവിഡ് പ്രതിരോധത്തിനായി എല്ലാവരും കരുതൽ വാക്‌സിൻ സ്വീകരിക്കണമെന്ന് കേന്ദ്ര സർക്കാർ നിർദ്ദേശം നൽകി. പ്രായമായവരും ആരോഗ്യപ്രശ്‌നങ്ങളുള്ളവരും കരുതൽ വാക്‌സിൻ എടുക്കുന്നതിനെ കൂടുതൽ ഗൗരവത്തോടെ കാണണമെന്ന് ആരോഗ്യ മന്ത്രാലയം അഭ്യർത്ഥിച്ചു.

രാജ്യത്തെ കോവിഡ് സാഹചര്യവുമായി ബന്ധപ്പെട്ട് സ്ഥിതിഗതികൾ അവലോകനം ചെയ്യാനായി കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നതതലയോഗം വിളിച്ചു ചേർത്തിരുന്നു. മാസ്‌കുൾപ്പടെയുള്ള കോവിഡ് പ്രതിരോധ മാർഗങ്ങൾ കർശനമായി പാലിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. രാജ്യത്തെ ആശുപത്രികൾ സജ്ജമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

ചൈനയിൽ സാമൂഹ്യ വ്യാപനത്തിനിടയാക്കിയ കോവിഡ് വകഭേദം രാജ്യത്ത് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജാഗ്രത വർദ്ധിപ്പിക്കണം. വരാനിരിക്കുന്ന ഉത്സവ കാലങ്ങളിലുൾപ്പടെ മാസ്‌ക് ധരിക്കുന്നത് കർശനമാക്കണം, കോവിഡ് പരിശോധനയും ജനിതക ശ്രേണീകരണ നിരക്കും വർദ്ധിപ്പിക്കണം. വാക്സിനേഷന്റെ മുൻകരുതൽ ഡോസ് വിതരണം ഊർജ്ജിതമാക്കണം, സംസ്ഥാനങ്ങളിൽ ഓക്സിജൻ പ്ലാന്റുകളും വെന്റിലേറ്ററുകളും അടക്കം ആശുപത്രി സൗകര്യങ്ങൾ സജ്ജമാക്കണമെന്ന് പ്രധാനമന്ത്രി നിർദ്ദേശിച്ചു.