ജസ്റ്റിസ് ഹേമന്ത് ഗുപ്തയെ ഇന്ത്യ ഇന്റർനാഷണൽ ആർബിട്രേഷൻ സെന്റർ അദ്ധ്യക്ഷനായി നിയമിച്ചു; ഉത്തരവ് പുറപ്പെടുവിച്ച് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: മുൻ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ഹേമന്ത് ഗുപ്തയെ ഇന്ത്യ ഇന്റർനാഷണൽ ആർബിട്രേഷൻ സെന്റർ അദ്ധ്യക്ഷനായി നിയമിച്ചു. കേന്ദ്രസർക്കാരാണ് അദ്ദേഹത്തിന് നിയമനം നൽകിയത്. പ്രധാനമന്ത്രിയും അമിത് ഷായും ഉൾപ്പെട്ട കേന്ദ്ര മന്ത്രിസഭയുടെ നിയമന സമിതിയാണ് നിയമനത്തിന് അംഗീകാരം നൽകിയത്. അഭിഭാഷകരായ ഗണേഷ് ചന്ദ്രു, അനന്ത് വിജയ് പള്ളി എന്നിവരെ പാർട്ട് ടൈം അംഗങ്ങളാക്കുകയും ചെയ്തു.

ഹിജാബ് കേസിൽ വിഭിന്നവിധി ബെഞ്ചിൽ അംഗമായിരുന്നു ഹേമന്ത് ഗുപ്ത. നാല് വർഷം സുപ്രീം കോടതി ജഡ്ജിയായി ഹോമന്ത് ഗുപ്ത സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഒക്ടോബർ പതിനാറിനാണ് അദ്ദേഹം വിരമിച്ചത്.

ഇന്റർനാഷണൽ ആർബിട്രേഷൻ സെന്റർ സ്ഥാപിച്ചത് കോർപ്പറേറ്റ് രംഗത്തെ നിയമവിവ്യഹാരങ്ങൾക്ക് തീർപ്പ് കൽപിക്കാനാണ്. ഡൽഹിയാണ് ഇതിന്റെ കേന്ദ്രം. 2019ൽ ആരംഭിച്ച ഈ സ്ഥാപനത്തിന്റെ പേര് ന്യൂഡൽഹി ഇന്റർനാഷണൽ ആർബിട്രേഷൻ സെന്റർ എന്നായിരുന്നു. ന്യൂ ദില്ലി ഇന്റർനാഷണൽ ആർബിട്രേഷൻ സെന്ററിനെ ഇന്ത്യ ഇന്റർനാഷണൽ ആർബിട്രേഷൻ സെന്റർ എന്ന് പുനർനാമകരണം ചെയ്യുന്നതിനുള്ള ബിൽ പാർലമെന്റ് പാസാക്കിയത് കഴിഞ്ഞയാഴ്ച്ചയാണ്.