ക്രമസമാധാന പാലനത്തിൽ കേരള പോലീസ് മാതൃകാപരം; സേനയിൽ വലിയ മാറ്റങ്ങളുണ്ടായതായി മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളാ പോലീസിനെ പ്രശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ക്രമസമാധാന പാലനത്തിൽ കേരള പോലീസ് മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു. കേരള പൊലീസ് പെൻഷനേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സൈബർ കുറ്റകൃത്യങ്ങൾ പെരുകുന്ന സാഹചര്യത്തിൽ സേന സുസജ്ജമാണ്. പലപ്പോഴും പോലീസിനെ പ്രകോപിപ്പിച്ച് ഇടപെടാനുള്ള സാഹചര്യങ്ങളുണ്ടാകുമ്പോഴും അനിതരസാധാരണമായ് സംയമനമാണ് സേന കാഴ്ചവെയ്ക്കുന്നത്. എം ടെക് ബിരുദധാരികളടക്കമുള്ള പ്രൊഫഷണലുകൾ ഇന്ന് പോലീസ് സേനയിൽ ചേരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, സംസ്ഥാനത്ത് കസ്റ്റഡി മർദ്ദനങ്ങളിൽ കുറവ് വന്നതായും മുഖ്യമന്ത്രി അറിയിച്ചു. അത്തരത്തിലുള്ള നടപടി ഇനിയുണ്ടായാൽ സിബിഐ അന്വേഷിക്കും. ക്രിമിനലുകൾ പോലീസ് സേനയിൽ വേണ്ട. വൈകൃതങ്ങൾ കാണിക്കുന്ന ഉദ്യോഗസ്ഥരോടുള്ള സമീപനത്തിൽ സർക്കാരിന് ഒരു തരത്തിലുമുള്ള ആശയക്കുഴപ്പവുമില്ല. പോലീസ് മുൻപ് വയോധികരോട് പോലും നിന്ദ്യമായാണ് പെരുമാറിയിരുന്നത്. അക്കാലത്ത് പൊലീസ് സ്റ്റേഷൻ ഭയക്കപ്പെടേണ്ട സ്ഥലമായിരുന്നു. എന്നാലിപ്പോൾ പോലീസ് സേനയിൽ വലിയ മാറ്റങ്ങളുണ്ടായി. നിലവിൽ കേരള പൊലീസ് ലോകത്തേറ്റവും അഭിമാനിക്കാൻ കഴിയും വിധമായി മാറിയെന്നും പിണറായി വിജയൻ അഭിപ്രായപ്പെട്ടു.