സ്വര്‍ണക്കടത്ത് കേസ്: അന്വേഷണം അവസാനിപ്പിക്കാന്‍ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടില്ലെന്ന് കേന്ദ്ര ധനമന്ത്രാലയം

ന്യൂഡല്‍ഹി: നയതന്ത്ര സ്വര്‍ണക്കടത്ത് കേസ് അന്വേഷണം അവസാനിപ്പിക്കാന്‍ വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടിട്ടില്ലെന്നും അതിനാല്‍ അവസാനിപ്പിക്കുന്നില്ലെന്നും കേന്ദ്ര ധനമന്ത്രാലയം. കേരളത്തിന് പുറത്തേക്ക് കേസ് മാറ്റാന്‍ ഇഡി സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ടെന്നും കേസില്‍ സംസ്ഥാന ഭരണസംവിധാനം വന്‍തോതില്‍ ദുരുപയോഗം ചെയ്യുന്നെന്ന് കോടതിയെ അറിയിച്ചുവെന്നും എന്‍.കെ.പ്രേമചന്ദ്രന്‍ എം.പിയുടെ ചോദ്യത്തിന് കേന്ദ്ര ധനകാര്യസഹമന്ത്രി പങ്കജ് ചൗധരി ലോകസ്ഭയില്‍ മറുപടി നല്‍കി.

കേസില്‍ ഉന്നതരുടെ പങ്കാളിത്തം അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിക്കുന്നുണ്ടോ? അങ്ങനെയെങ്കില്‍ അതിന്റെ വിശദാംശങ്ങള്‍, കേരളത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെയും പങ്കാളിത്തമുള്ളതുകൊണ്ട് അന്വേഷണം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ടോ? ഇതുമായി ബന്ധപ്പെട്ട് വിദേശ മന്ത്രാലയത്തില്‍ നിന്ന് ധനമന്ത്രാലയത്തിന് എന്തെങ്കിലും അഭ്യര്‍ഥന ലഭിച്ചിട്ടുണ്ടോ? കേസ് സുഗമമായി അന്വേഷിക്കുന്നതില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടോ, കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ടോ എന്നീ ചോദ്യങ്ങള്‍ ഉന്നയിച്ചപ്പോഴാണ് ധനമന്ത്രാലയം രേഖാമൂലം മറുപടി നല്‍കിയത്.

അതേസമയം, നിലവിലെ സാഹചര്യത്തില്‍ അന്വേഷണം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് യാതൊരു നിര്‍ദ്ദേശവും വിദേശകാര്യമന്ത്രാലത്തില്‍ നിന്ന് ലഭിച്ചിട്ടില്ലെന്നും ധനമന്ത്രാലയം അറിയിച്ചു.