ന്യൂഡൽഹി: 2022 ലെ മിസിസ് വേൾഡ് കിരീടം ഇന്ത്യക്കാരി സർഗം കൗശലിന്. അമേരിക്കയിലെ ലാസ് വേഗാസിലാണ് മത്സരം നടന്നത്. 63 രാജ്യങ്ങളിൽ നിന്നുള്ള മത്സരാർത്ഥികളെ പിന്തള്ളിയാണ് സർഗം കൗശൽ ഈ നേട്ടം സ്വന്തമാക്കിയത്. 21 വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യയിലേക്ക് മിസിസ് വേൾഡ് കിരീടം തിരികെയെത്തുന്നതെന്നതാണ് മറ്റൊരു നേട്ടം. ജമ്മു കശ്മീർ സ്വദേശിനിയാണ്. സർഗം കൗശൽ. ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടിയ സർഗം മുമ്പ് വിജാഗിൽ അധ്യാപികയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇന്ത്യൻ നേവിയിൽ ഉദ്യോഗസ്ഥനാണ് സർഗം കൗശലിന്റെ ഭർത്താവ്
കിരീടം നേടിയതിലെ സന്തോഷം പങ്കുവെച്ച് സർഗം കൗശൽ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനോടകം വൈറലായി കഴിഞ്ഞു. 21 വർഷത്തിന് ശേഷം നമ്മൾക്ക് കിരീടം തിരിച്ചുകിട്ടി. താൻ വളരെ ആവേശത്തിലാണ്. ലവ് യു ഇന്ത്യ, ലവ് യു വേൾഡെന്ന് സർഗം കൗശൽ ഇൻസ്റ്റഗ്രാമിൽ കുറിച്ചുകൊണ്ടാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
അതേസമയം, മത്സരത്തിൽ മിസിസ് പൊളിനേഷ്യ രണ്ടാം സ്ഥാനവും മിസിസ് കാനഡയ്ക്ക് മൂന്നാം സ്ഥാനവും നേടി. വിവാഹിതരായ സ്ത്രീകൾക്ക് വേണ്ടിയുള്ള ആദ്യ സൗന്ദര്യ മത്സരമാണ് മിസിസ് വേൾഡ്. ഈ മത്സരം ആരംഭിച്ചത് 1984-ലാണ്്. മിസിസ് വുമൺ ഓഫ് ദ വേൾഡ് എന്ന് ആദ്യകാലങ്ങളിൽ അറിയപ്പെട്ട ഈ മത്സരം 1988 മുതലാണ് മിസിസ് വേൾഡ് എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്. 2001-ൽ ഡോ. അദിതി ഗോവിത്രികറിലൂടെയാണ് മിസിസ് വേൾഡ് മത്സരത്തിൽ ഇന്ത്യ ആദ്യ തവണ കിരീടം നേടിയത്.