ഹർത്താലും മിന്നൽ പണിമുടക്കുകളും അവസാനിപ്പിക്കാൻ രാഷ്ട്രീയ പാർട്ടികൾ പൊതുസമവായത്തിൽ എത്തണം;വി മുരളീധരൻ.

കൊച്ചി: സംസ്ഥാനത്ത് ഹർത്താലും മിന്നൽ പണിമുടക്കുകളും അവസാനിപ്പിക്കാൻ രാഷ്ട്രീയ പാർട്ടികൾ പൊതുസമവായത്തിൽ എത്തണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ഇൻഡോ ഗൾഫ് ആൻഡ് മിഡിൽ ഈസ്റ്റ് ചേംബർ ഒഫ് കൊമേഴ്സിന്റെ കേരള ഘടകം ഉദ്ഘാടന ചടങ്ങിൽ സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പരാമർശം. ലോകടൂറിസം ദിനത്തിൽ ഹർത്താലിന് ആഹ്വാനം ചെയ്തവരുടെ നാടാണ് കേരളം. കേരളം വലിയ വികസനകുതിപ്പിന് ഒരുങ്ങുമ്പോൾ അതിനെ പിന്നോട്ടുവലിക്കുന്ന പണിമുടക്കുകൾ അവസാനിപ്പിക്കണമെന്നും കക്ഷിരാഷ്ട്രീയ ഭേദമന്യേ ഇതിനായി ചർച്ചകൾ ഉണ്ടാകണമെന്നും അദ്ദേഹം വ്യക്തമാക്കി.

വികസന പദ്ധതികൾ വരുമ്പോൾ പരിഗണിക്കേണ്ട വിഷയമാണ് പരിസ്ഥിതി പ്രശ്‌നങ്ങളും. എന്നിട്ടും വലിയ മാറ്റത്തിലേക്ക് സംസ്ഥാനം ചുവടുവയ്ക്കുമ്പോൾ അതിന് തുരങ്കം വയ്ക്കുന്ന സമീപനം ഉണ്ടാകരുത്. വിദ്യാസമ്പന്നരായ സംസ്ഥാനത്തെ ചെറുപ്പക്കാർക്ക് ഇവിടെ തന്നെ സംരംഭങ്ങൾ ആരംഭിക്കാനാകുന്ന സാഹചര്യം ഉണ്ടാകേണ്ടതുണ്ട്. തദ്ദേശ ഉത്പന്നങ്ങളുടെ ലോകവിപണി കണ്ടെത്താനാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വിഴിഞ്ഞം തുറമുഖവും കൊച്ചി -കോയമ്പത്തൂർ വ്യവസായ ഇടനാഴിയും അടക്കമുള്ള പദ്ധതികൾ പൂർത്തിയാകുമ്പോൾ സംസ്ഥാനത്തിന്റെ മുഖച്ഛായ മാറും. കേരളത്തിലെ അടിസ്ഥാന സൗകര്യവികസനത്തിന് കേന്ദ്രം വലിയ മുൻഗണനയാണ് നൽകുന്നത്. ദേശീയപാത ഭൂമിയേറ്റെടുക്കലിന് മറ്റു സംസ്ഥാനങ്ങളേക്കാൾ ഇരട്ടിവില നൽകേണ്ട സാഹചര്യം കേരളത്തിനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.