തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ മദ്യവില വർദ്ധന പ്രാബല്യത്തിൽ വന്നു. കേരളത്തിൽ മദ്യത്തിന് 2 ശതമാനം വിൽപ്പന നികുതിയാണ് വർദ്ധിച്ചത്. സാധാരണ ബ്രാന്റുകൾക്ക് 20 രൂപ വരെ വർദ്ധിക്കും. ഏറ്റവും കുറഞ്ഞ നിരക്കിലുള്ള സർക്കാരിന്റെ മദ്യം ജവാൻ ലിറ്ററിന് ഇനി മുതൽ 610 രൂപ നൽകേണ്ടി വരും. നേരത്തെ 600 രൂപയായിരുന്നു ഒരു ലിറ്റർ ജവാന്റെ നിരക്ക്.
ബിയറിനും വൈനിനും 2 % വിൽപ്പന നികുതി വർദ്ധിക്കും. കഴിഞ്ഞ ദിവസമാണ് മദ്യവില വർദ്ധിപ്പിച്ച ബില്ലിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പുവെച്ചത്. ഇത് സർക്കാർ വിജ്ഞാപനമായി പുറത്തിറങ്ങിയതിന് പിന്നാലെയാണ് സംസ്ഥാനത്ത് മദ്യ വിലവർദ്ധനവ് പ്രാബല്യത്തിൽ വന്നത്.
ഇക്കഴിഞ്ഞ നിയമസഭ സമ്മേളനം പാസ്സാക്കിയ ബില്ലിലാണ് ഗവർണർ ഒപ്പുവെച്ചത്. വില വർദ്ധന ബാധകമാകുന്നത് സാധാരണ ബ്രാന്റുകൾക്ക് മാത്രമാണ്. സംസ്ഥാനത്ത് പുതു വർഷത്തിൽ മദ്യം പുതിയ വിലയ്ക്ക് വിൽക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ, ഉത്തരവിൽ പുതിയ നിരക്ക് ഉടൻ നിലവിൽ വരുമെന്ന് രേഖപ്പെടുത്തിയതിനാൽ ഇന്ന് മുതൽ വില വർദ്ധനവ് പ്രാബല്യത്തിൽ വരുത്തുകയായിരുന്നു.
നാല് ശതമാനം വിൽപ്പന നികുതിയാണ് സർക്കാർ വർദ്ധിപ്പിച്ചത്. എന്നാൽ സർക്കാർ ഔട്ട്ലെറ്റുകൾ വഴി വിൽക്കുന്ന മദ്യത്തിന് രണ്ട് ശതമാനം വർദ്ധനവ് ഉപഭോക്താവ് നൽകിയാൽ മതിയെന്നാണ് ബെവ്കോയുടെ അറിയിപ്പിൽ വ്യക്തമാക്കുന്നത്.

